ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മോശം തുടക്കത്തിന് ശേഷം ആറാം സ്ഥാനം നേടി യൂറോപ്പ ലീഗ് യോഗ്യത നേടി നൽകിയിട്ടും ചെൽസി പരിശീലകൻ മൗറീസിയോ പോച്ചറ്റീന്യോയും ആയി വേർപിരിഞ്ഞു. പോച്ചറ്റീന്യോയുടെ പരിശീലന സഹായികളും ക്ലബ് വിടും. പരസ്പര സമ്മതത്തോടെ ക്ലബും പരിശീലകനും വേർപിരിഞ്ഞത് ആയി റിപ്പോർട്ട് ചെയ്ത റെലഗ്രാഫ് റിപ്പോർട്ടർ മാറ്റ് ലോ ഇതിനകം ചെൽസിയുടെ വ്യവസ്ഥകൾ പോച്ചറ്റീന്യോ അംഗീകരിച്ചത് ആയും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ സീസണിൽ ആണ് മുൻ ടോട്ടനം പരിശീലകൻ കൂടിയായ അർജന്റീനക്കാരൻ പോച്ചറ്റീന്യോ ചെൽസി പരിശീലകൻ ആവുന്നത്. 2 വർഷത്തെ കരാറും 1 വർഷം അത് നീട്ടാനുള്ള വ്യവസ്ഥയും ആയി ടീമിൽ എത്തിയ പോച്ചിനു കീഴിൽ ചെൽസി ഏതാണ്ട് അര ബില്യൺ പൗണ്ടിൽ അധികം തുകയാണ് ട്രാൻസ്ഫർ മാർക്കറ്റിൽ ചിലവഴിച്ചത്.
എന്നാൽ പരിക്കുകൾ വിടാതെ വേട്ടയാടിയപ്പോൾ ചെൽസി സീസണിന്റെ തുടക്കത്തിൽ തകർന്നടിയുന്നത് ആണ് കാണാൻ ആയത്. തന്റെ യുവ ടീമിനു സമയം ആവശ്യമുണ്ട് എന്നു ആവർത്തിച്ച പോച്ചിനു കീഴിൽ സീസണിന് അവസാനം ചെൽസി താളം കണ്ടെത്തുന്നത് ആണ് കാണാൻ ആയത്. കോൾ പാൽമറിന്റെ തോളിൽ കയറി പോച്ചിന്റെ ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡിന് മുകളിൽ ആറാമത് ആയാണ് സീസൺ അവസാനിപ്പിച്ചത്. ഇതിനു പുറമെ ലീഗ് കപ്പ് ഫൈനലിലും, എഫ്.എ കപ്പ് സെമിയിലും ടീമിനെ എത്തിക്കാൻ പോച്ചറ്റീന്യോക്ക് ആയി. യൂറോപ്പ ലീഗ് യോഗ്യത കിട്ടിയതിനാൽ തന്നെ പോച്ചറ്റീന്യോ ചെൽസിയിൽ തുടരും എന്ന സൂചനകൾ ആയിരുന്നു ആദ്യം ഉണ്ടായിരുന്നത്. എന്നാൽ നിലവിൽ കൂടുതൽ ചെറുപ്പക്കാരൻ ആയ പരിശീലകനെ ടീമിൽ എത്തിക്കാൻ ആണ് ടോഡ് ബോഹ്ലിയും ചെൽസി ബോർഡും ശ്രമിക്കുന്നത് ആണ് റിപ്പോർട്ട്.