ഇഞ്ചുറി ടൈമിലെ വണ്ടർ ഗോളിൽ മത്സരം ജയിച്ചിട്ടും പോർട്ടോ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ കാണാതെ പുറത്ത്. ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ചെൽസിക്കെതിരെ 1-0നാണ് പോർട്ടോ ജയിച്ചത്. എന്നാൽ ആദ്യ പാദത്തിൽ 2-0 ന്റെ ജയം നേടിയ ചെൽസി 2-1 എന്ന നിലയിൽ രണ്ട് പാദങ്ങളിലും കൂടി ജയിച്ചാണ് ചാമ്പ്യൻസ് ലീഗ് സെമി ഉറപ്പാക്കിയത്.
ഇന്ന് നടന്ന രണ്ടാം പാദ മത്സരത്തിന്റെ ഭൂരിഭാഗവും പോർട്ടോ ആക്രമണം തടയാൻ ചെൽസിക്ക് കഴിഞ്ഞെങ്കിലും ഇഞ്ചുറി ടൈമിൽ പോർട്ടോ താരം ടരെമിയുടെ വണ്ടർ ഗോളിൽ ചെൽസി പരാജയം സമ്മതിക്കുകയായിരുന്നു. മികച്ചൊരു ബൈസിക്കിൾ കിക്കിലൂടെയാണ് പോർട്ടോ താരം ഗോൾ നേടിയത്. തുടർന്ന് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീട്ടാൻ ആവശ്യമായ രണ്ടാമത്തെ ഗോൾ നേടാൻ പോർട്ടോക്ക് കഴിഞ്ഞതും ഇല്ല.
2014ന് ശേഷം ആദ്യമായാണ് ചെൽസി ചാമ്പ്യൻസ് ലീഗിന്റെ സെമി ഉറപ്പിക്കുന്നത്. നാളെ നടക്കുന്ന ലിവർപൂൾ – റയൽ മാഡ്രിഡ് മത്സരത്തിലെ വിജയികളാവും സെമിയിൽ ചെൽസിയുടെ എതിരാളികൾ.