മാഞ്ചസ്റ്റർ യുണൈറ്റഡും ബാഴ്സലോണയും ഒക്കെ ചരിത്രവും പറഞ്ഞ് ഇരിക്കുമ്പോൾ വർത്തമാന കാലത്ത് എന്ത് ചെയ്യണം എന്ന് നോക്കി ടീമിനെ ശക്തമാക്കുകയാണ് ചെൽസി എന്ന ക്ലബ്. മറ്റുള്ള ക്ലബുകളിൽ ഒക്കെ ആരാധകർ ആഗ്രഹിക്കുന്നത് നൽകാൻ ഒരു മാനേജ്മെന്റിനും കഴിയാതെ നിൽക്കുമ്പോൾ ആരാധകർ ആഗ്രഹിക്കുന്നതിനും എത്രയോ മുകളിൽ ഉള്ളത് നൽകുകയാണ് റോമൻ അബ്രഹാമോവിച് എന്ന ചെൽസി ക്ലബ് ഉടമ.
കഴിഞ്ഞ സീസണിൽ ട്രാൻസ്ഫർ ബാൻ കിട്ടിയതിനാൽ ഇത്തിരി പകച്ചു പോയ ടീമാണ് ചെൽസി. ഹസാർഡ് ക്ലബ് വിട്ടതും ട്രാൻസ്ഫർ ബാൻ വന്നതുമൊക്കെ ചെൽസിയെ ആശങ്കയിൽ ആക്കിയിരുന്നു. എന്നാൽ ലമ്പാർഡിനെ വിശ്വസിപ്പിച്ച് ടീമിനെ ഏൽപ്പിക്കാൻ റോമൻ ധൈര്യം കാണിച്ചു. ലമ്പാർഡ് ആണെങ്കിൽ തന്നിൽ റോമൻ അർപ്പിച്ച വിശ്വാസം കാത്തു. യുവനിരയെ വെച്ച് കളിച്ച് ലമ്പാർഡ് ചാമ്പ്യൻസ് ലീഗ് യോഗ്യതയും ഒപ്പം എഫ് എ കപ്പ് ഫൈനലിലും ടീമിനെ എത്തിച്ചു.
ടീമിലെ ക്രിയേറ്റിവിറ്റും പിന്നെ ഡിഫൻസിലെ പ്രശ്നങ്ങളും ആയിരുന്നു ലമ്പാർഡിന്റെ ടീമിൽ പലപ്പോഴും പ്രശ്നങ്ങളായി ഉണ്ടായിരുന്നത്. ഇതിന് പരിഹാരം വേണമെന്നാണ് ആരാധകർ ആഗ്രഹിച്ചിരുന്നത്. ചെൽസിയെ റോമൻ സ്നേഹിക്കുന്നത് പോലെ ആരു സ്നേഹിക്കാൻ. അദ്ദേഹം ട്രാൻസ്ഫറുകൾ നടത്തുന്നത് നോക്കി അന്ധാളിച്ചു നിൽക്കാനെ ആരാധകർക്ക് പോലും കഴിയുന്നുള്ളൂ.
ആദ്യം അയാക്സിൽ നിന്ന് സിയെച്, പിറകെ എല്ലാവരെയും ഞെട്ടിച്ച് ജർമ്മനിയിൽ നിന്നും വെർണർ. ഇന്നലെ പി എസ് ജിയിൽ നിന്ന് സെന്റർ ബാക്കായ തിയാഗോ സിൽവ. ഇതെല്ലാം ഉറപ്പായ ട്രാൻസ്ഫറുകൾ. അറ്റാക്കിനും ഡിഫൻസിനും ഇതു തന്നെ ധാരാളം. പക്ഷെ റോമൻ നിർത്തുമോ? ഇല്ല. അടുത്തതായി വരാൻ പോകുന്നത് ജർമ്മൻ ദേശീയ ടീമിന്റെ ഏറ്റവും വലിയ പ്രതീക്ഷയായ കായ് ഹവേർട്സ്. അതും ചെൽസി ക്ലബ് ചരിത്രത്തിലെ റെക്കോർഡ് തുക നൽകി കൊണ്ട്. 100 മില്യണോളം ആകും ഹവേർട്സിനായി ചെൽസി നൽകുന്നത്.
അതിന് പിറകെ ചിൽവെലും ചെൽസിയിൽ എത്തും. അതും മില്യണുകൾ ഏറെ എറിഞ്ഞു തന്നെ. ഈ സീസണിൽ കിരീടത്തിനായി പോരാടാനുള്ള ഒരു ടീം മാത്രമല്ല ലമ്പാർഡിന് ചെൽസ് മാനേജ്മെന്റ് ഒരുക്കി കൊടുക്കുന്നത്. ഒപ്പം യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച സ്ക്വാഡായി ചെൽസിയെ മാറ്റുക കൂടിയാണ്. ഇതുപോലൊ ഫുട്ബോളിനെ സ്നേഹിക്കുന്ന ബിസിനസിനെ രണ്ടാമതായി മാത്രം കാണുന്ന മാനേജ്മെന്റിനെ കിട്ടിയ ചെൽസി ആരാധകരുടെ പുണ്യം എന്ന് അടിവരയിടാം.