ആരാണ് ചെൽസിയുടെ മാനേജർ, സബ്ബ് വിളിച്ചിട്ടും ഇറങ്ങാൻ കൂട്ടാക്കാതെ കെപ!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ചെൽസി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയോട് പരാജയപ്പെട്ടപ്പോൾ ട്വിറ്ററിൽ വന്ന ഒരു ട്വീറ്റ് രസകരമായിരുന്നു. “കെപ എന്ന പരിശീലകന്റെ കീഴിലെ ആദ്യ മത്സരം തന്നെ ചെൽസി പരാജയപ്പെട്ടു. ഇന്ന് നടന്ന ലീഗ് കപ്പ് ഫൈനലിന്റെ അവസാന നിമിഷങ്ങളിൽ ആണ് കെപ സാരിയിൽ നിന്ന് മാനേജർ സ്ഥാനം ഏറ്റെടുത്തത്…” ഇത് വെറും തമാശയല്ല. വലിയ ഫുട്ബോൾ ക്ലബുകളിൽ ഒരിക്കലും മുമ്പ് കണ്ടിട്ടില്ലാത്ത കാര്യമാണ് ഇന്ന് വെംബ്ലിയിൽ കണ്ടത്.

മത്സരം എക്സ്ട്രാ ടൈമും കഴിഞ്ഞ് പെനാൾട്ടിയിലേക്ക് നീങ്ങുകയായിരുന്നു. സ്കോർ 0-0. പെനാൾട്ടി എത്തുമെന്ന് ഏതാണ്ട് ഉറപ്പ്. ചെൽസിയുടെ ഒന്നാം നമ്പറായ കെപ ആണെങ്കിൽ പരിക്ക് കാരണം ഇടക്കിടെ വലയുന്നു. അപ്പോൾ ആണ് പെനാൾട്ടി തടയുന്നതിൽ സ്പെഷ്യലിസ്റ്റ് ആയ രണ്ടാം ഗോൾ കീപ്പർ കബിയേറോയെ ചെൽസി സബ്ബായി കൊണ്ടുവരാൻ തീരുമാനിച്ചത്. രണ്ട് വർഷം മുമ്പ് ഫൈനലിൽ മൂന്ന് പെനാൾട്ടികൾ തടുത്ത് ഹീറോ ആയിട്ടുണ്ട് കബിയേറോ.

തന്റെ കിറ്റും ഇട്ട് ഗ്ലോവും കെട്ടി അദ്ദേഹം ടച്ച് ലൈനിൽ നിൽക്കുന്നു. ഫോർത്ത് ഒഫീഷ്യലിന്റെ ബോർഡിൽ കെപയുടെ നമ്പറും തെളിഞ്ഞു. പക്ഷെ പുറത്ത് ഇറങ്ങാൻ കെപ തയ്യാറായില്ല. താൻ തന്നെ ഇവിടെ തുടരുമെന്ന് നിരന്തരമായി കെപ ആംഗ്യം കാണിച്ചു. ചെൽസി മാനേജർ സാരി ആജ്ഞാപിച്ചിട്ടും കെപയ്ക്ക് കുലുക്കമില്ല. കെപയും താൻ ഇറങ്ങില്ലെന്ന് തിരിച്ച് രോഷാകുലനായി പറഞ്ഞു. ചെൽസി സഹ പരിശീലകൻ സോളയും കെപയോട് ഇറങ്ങാൻ ആവശ്യപ്പെട്ടു എങ്കിലും യുവ ഗോൾ കീപ്പർ കൂട്ടാക്കിയില്ല.

അവസാനം സബ്ബ് ഇറക്കുന്നില്ല എൻ‌ ഫോർത്ത് ഒഫീഷ്യലിനെ ചെൽസി ബോധിപ്പിക്കേണ്ടി വന്നു. ഇതു കണ്ട് രോഷാകുലനായ സാരി തന്റെ കോച്ചിംഗ് സ്റ്റാഫുകളൊട് തട്ടിക്കയറുകയും വെള്ളത്തിന്റെ കുപ്പികൾ വലിച്ച് എറിയുകയും ചെയ്തു. ഡഗൗട്ടിൽ നിന്ന് ഇറങ്ങിപ്പോയ സാരി പിന്നീട് തിരിച്ച് ഗ്രൗണ്ടിലേക്ക് വരികയായിരുന്നു. എക്സ്ട്രാ ടൈമിന് ഒടുവിലെ ടീം ചർച്ചയിൽ കെപയ്ക്ക്ക് എതിരെ തിരിഞ്ഞ സാരിയെ മറ്റു താരങ്ങൾ കൂടി പിടിച്ചുവെച്ചത് ചെൽസിയെ കൂടുതൽ നാണക്കേടുകളിൽ നിന്ന് രക്ഷിച്ചു.

മുമ്പ് ബാലോട്ടെല്ലി, ടെവെസ് പോലുള്ള താരങ്ങൾ സബ്ബായി കളത്തിലേക്ക് ഇറങ്ങാൻ മടിച്ച സംഭവങ്ങൾ ഫുട്ബോളിൽ ഉണ്ടായിട്ടുണ്ട് എങ്കിലും കെപ ചെയ്തത് പോലുള്ള കാര്യങ്ങൾ സമീപകാല ഫുട്ബോളിന്റെ ഓർമ്മയിൽ ഇല്ല. ഇത് പരിശീലകനെയും താരങ്ങളെയും ക്ലബിനെയും ബഹുമാനിക്കാത്ത നടപടിയാണ്. അതുകൊണ്ട് തന്നെ കൂടുതൽ നടപടികൾ കെപയ്ക്ക് എതിരെ ഉണ്ടായേക്കാം.

കെപയും ടീമുമായി ഈ പ്രശ്നം ഉണ്ടാകുന്നത് വരെ മികച്ച ഫുട്ബോൾ കളിച്ച ചെൽസിക്ക് അതുമുതൽ അവരുടെ ശ്രദ്ധ നശിച്ചു. പെനാൾട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെട്ട് കിരീടവും നഷ്ടമായി.