പോട്ടറിന് കീഴിൽ ചെൽസിക്ക് ആദ്യ ജയം. ക്രിസ്റ്റൽ പാലസിനെ ഒരു ഗോളിന് പിന്നിൽ പോയ ശേഷം രണ്ട് ഗോളുകൾ തിരിച്ചടിച്ചാണ് നീലപ്പട ജയം ഉറപ്പാക്കിയത്. മുൻ പാലസ് താരം കോണർ ഗല്ലാഗർ ആണ് ചെൽസിയുടെ വിജയ ഗോൾ കുറിച്ചത്.
ചെൽസി പടിശീലക റോളിൽ ആദ്യ ലീഗ് മത്സരത്തിന് ഇറങ്ങിയ ഗ്രഹാം പോട്ടർ ഒബമയാങ് , ഹാവേർട്സ് എന്നിവരെ ആക്രമണത്തിന് ചുക്കാൻ പിടിക്കാൻ ഏൽപിച്ചപ്പോൾ പ്രതിരോധത്തിൽ തിയാഗോ സിൽവക്ക് ഒപ്പം ഫൊഫാന , ചിൽവെൽ എന്നിവർക്കും അവസരം ലഭിച്ചു. ചെൽസിയെ ഞെട്ടിച്ചാണ് പാലസ് തുടങ്ങിയത്. കളിയുടെ 7 ആം മിനുട്ടിൽ തന്നെ അവർ ലീഡ് സ്വന്തമാക്കി. എഡ്വാർഡ് ആണ് ഗോൾ നേടിയത്. ഗോൾ വഴങ്ങിയ ചെൽസി ഉണർന്ന് കളിച്ചെങ്കിലും സമനില ഗോളിനായി അവർക്ക് 38 ആം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു. സിൽവയുടെ അസിസ്റ്റ് കിടിലൻ വോളിയിലൂടെ ഒബാമയാങ് ആണ് വലയിലാക്കിയത്. ചെൽസി കുപ്പായത്തിൽ താരത്തിൻറെ ആദ്യ ഗോൾ.
രണ്ടം പകുതിയിൽ ഇരു ടീമുകളും അവസരങ്ങൾ തുടർച്ചയായി സൃഷ്ടിച്ചെങ്കിലും ഫിനിഷിങിലെ അലസത വിനയായി. ചെൽസി ബെഞ്ചിൽ നിന്ന് ലോഫ്റ്റസ് ചീക്ക്, ഗല്ലഗർ, ബ്രോഹ എന്നിവരെ കളത്തിൽ ഇറക്കി. അവസാന നിമിഷങ്ങളിൽ പുലിസിക്കും ഇറങ്ങിയതോടെ ചെൽസിയുടെ ആക്രമണത്തിന് വേഗത കൂടി. തൊണ്ണൂറാം മിനുട്ടിൽ. പുലിസിക്കിൽ നിന്ന് പന്ത് സ്വീകരിച്ച ഗാല്ലഗർ ബോക്സിനു പുറത്ത് നിന്ന് തൊടുത്ത ഷോട്ട് പാലസ് വലയിൽ പതിച്ചതോടെ ചെൽസി 3 പോയിന്റ് ഉറപ്പാക്കി.