കഴിഞ്ഞ മത്സരങ്ങളിലെ തോൽവികളുടെ നിരാശ സൗതാമ്പ്ടന്റെ നെഞ്ചത്ത് തീർത്ത ചെൽസിക്ക് ഉജ്ജ്വല ജയം. ഏകപക്ഷീയമായ 6 ഗോളുകൾക്കാണ് ചെൽസി ജയം സ്വന്തമാക്കിയത്. ചെൽസിയുടെ സമ്പൂർണ ആധിപത്യം കണ്ട മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ തന്നെ ചെൽസി നാല് ഗോളുകൾക്ക് മുൻപിലായിരുന്നു. സൗതാമ്പ്ടൺ ഗോൾ പോസ്റ്റിൽ ഫോസ്‌റ്ററുടെ മികച്ച രക്ഷപെടുത്തലുകളും വെർണർ മൂന്ന് തവണ അവസരം പോസ്റ്റിൽ അടിച്ചതും ചെൽസി ഗോൾ നില ഒറ്റ സഖ്യയിൽ ഒതുക്കി.
ചെൽസിക്ക് വേണ്ടി മാർക്കോസ് അലോണോസോയാണ് ആദ്യ ഗോൾ നേടിയത്. തുടർന്ന് മേസൺ മൗണ്ട്, ടിമോ വെർണർ,കായ് ഹാവേർട്സ് എന്നിവരുടെ ഗോളിലാണ് ചെൽസി ആദ്യ പകുതിയിൽ നാല് ഗോൾ നേടിയത്. തുടർന്ന് രണ്ടാം പകുതിയിലും മികച്ച പ്രകടനം പുറത്തെടുത്ത ചെൽസി മേസൺ മൗണ്ടിന്റെയും ടിമോ വെർണറുടെയും ഗോളുകളിൽ ഗോൾ പട്ടിക പൂർത്തിയാക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ റയൽ മാഡ്രിഡിനോടും ബ്രെന്റ്ഫോഡിനോടും തോറ്റ ചെൽസിക്ക് ഈ വിജയം ആത്മവിശ്വാസം നൽകും.