മ്യൂണിച്ചിൽ ഇന്ന് അത്ഭുതങ്ങൾ ഒന്നും നടന്നില്ല. ചെൽസിക്ക് ആദ്യ പാദത്തിലെ വലിയ പരാജയം മറികടക്കാൻ രണ്ടാം പാദത്തിൽ ആയില്ല. ബയേൺ മ്യൂണിചിന് മുന്നിൽ ഒരു കനത്ത പരാജയം കൂടെ ഏറ്റുവാങ്ങി കൊണ്ട് ചെൽസി ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തേക്ക് പോയി. ഹാൻസി ഫ്ലിക്കിന്റെ ബയേൺ മ്യൂണിച് ക്വാർട്ടറിലേക്കും കടന്നു. ഇന്ന് 4-1ന്റെ വിജയമാണ് ബയേൺ സ്വന്തമാക്കിയത്. അഗ്രിഗേറ്റ് സ്കോറിൽ 7-1ന്റെ വിജയവും. ലണ്ടണിൽ നടന്ന ആദ്യ പാദത്തിൽ ബയേൺ 3-0ന് വിജയിച്ചിരുന്നു. 2 ഗോളും രണ്ട് അസിസ്റ്റുമായി ലെവൻഡോസ്കി തന്നെ ഇന്ന് താരമായി.
ഇന്ന് ആദ്യ പകുതിയിൽ തന്നെ ചെൽസിയുടെ പ്രതീക്ഷകൾ ബയേൺ അവസാനിപ്പിച്ചു. ആദ്യ 24 മിനുട്ടിൽ തന്നെ ബയേൺ രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തി. പത്താം മിനുട്ടിൽ ലെവൻഡോസ്കിയുടെ വകയായിരുന്നു ആദ്യ ഗോൾ. ലെവൻഡോസ്കിയെ വീഴ്ത്തിയതിന് ലഭിച്ച പെനാൾട്ടി താരം തന്നെ ലക്ഷ്യത്തിൽ എത്തിച്ചത്. ലെവൻഡോസ്കിയുടെ ഈ സീസണിലെ 12ആം ചാമ്പ്യൻസ് ലീഗ് ഗോളായിരുന്നു ഇത്.
24ആം മിനുട്ടിൽ പെരിസിച് ആണ് ബയേണിന്റെ രണ്ടാം ഗോൾ നേടിയത്. ലെവൻഡോസ്കിയുടെ പാസിൽ നിന്നായിരുന്നു പെരിസിചിന്റെ ഗോൾ. 28ആം മിനുട്ടിൽ ഹുഡ്സൺ ഒഡേയിയിലൂടെ ഒരു ഗോൾ ചെൽസി മടക്കി എങ്കിലും അത് വാർ ഓഫ്സൈഡ് വിധിച്ചു. എങ്കിലും 44ആം മിനുട്ടിൽ ടാമി അബ്രഹാമിലൂടെ ഒരു ഗോൾ മടക്കാൻ ചെൽസിക്കായി.
രണ്ടാം പകുതിയിൽ 76ആം മിനുട്ടിൽ ആയിരുന്നു ബയേണിന്റെ മൂന്നാം ഗോൾ. ലെവൻഡോസ്കിയുടെ അസിസ്റ്റിൽ നിന്ന് ടൊളീസോ ആണ് ഇത്തവണ ഗോൾ നേടിയത്. ഇതിനു പിന്നാലെ ചെൽസിയുടെ പതനം പൂർത്തിയാക്കി ലെവൻഡോസ്കിയുടെ രണ്ടാം ഗോളും വന്നു. ലെവൻഡോസ്കിയുടെ ഗോൾ ടാലി 13ലേക്ക് ഉയർത്തിയ ഗോൾ. അഗ്രിഗേറ്റ് സ്കോറിൽ 7-1 എന്ന നാണക്കേടുമായി ചെൽസി മടങ്ങി. ആദ്യമായാണ് ചെൽസി ഒരു യൂറോപ്യൻ ടൂർണമെന്റിൽ രണ്ട് പാദങ്ങളിലായി ഏഴു ഗോൾ വഴങ്ങുന്നത്. ഇനി ലിസ്ബണിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ബാഴ്സലോണയെ ആകും ബയേൺ നേരിടുക.