മെസ്സി അത്ഭുതം തന്നെ!! നാപോളിയെ തകർത്തെറിഞ്ഞ് ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ബാഴ്സലോണയിൽ ഒരുപാട് നാടകീയത ഉണ്ടായിരുന്നു എങ്കിലും അതൊക്കെ മറികടന്ന് ബാഴ്സലോണ ക്വാർട്ടറിലേക്ക് കടന്നു. ഇന്ന് പ്രീക്വാർട്ടറിന്റെ രണ്ടാം പാദത്തിൽ നാപോളിയെ നേരിട്ട ബാഴ്സലോണ 3-1ന്റെ വിജയം നേടിക്കൊണ്ടാണ് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചത്. ആദ്യ പാദത്തിൽ 1-1ന്റെ സമനില ആയിരുന്നതിനാൽ അഗ്രിഗേറ്റ് സ്കോറിൽ 4-2ന് ജയിച്ചാണ് ബാഴ്സലോണ ക്വാർട്ടറിലേക്ക് കടന്നത്.

വളരെ കരുതലോടെയായിരുന്നു സെറ്റിയന്റെ ടീം ഇന്ന് കളി തുടങ്ങിയത്. പക്ഷെ തങ്ങൾക്ക് ലഭിച്ച ആദ്യ അവസരം തന്നെ മുതലെടുത്ത് കൊണ്ട് ബാഴ്സലോണ സമ്മർദ്ദം കുറച്ചു. 10ആം മിനുട്ടിൽ ലഭിച്ച കോർണറിൽ നിന്ന് സെന്റർ ബാക്ക് ലെങ്ലെറ്റിന്റെ മികച്ച ഹെഡറിലൂടെ ബാഴ്സലോണ ലീഡ് എടുത്തു. ലെങ്ലെറ്റിന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോളാണിത്.

ബാഴ്സലോണയുടെ രണ്ടാം ഗോൾ ഒരു മെസ്സി മാജിക്ക് ആയിരുന്നു. 23ആം മിനുട്ടിൽ സുവാരസിൽ നിന്ന് പന്ത് സ്വീകരിച്ച മെസ്സി റൈറ്റ് വിങ്ങിൽ നിന്ന് നാപോളി ഡിഫൻസിന്റെ ടാക്കിളുകൾ എല്ലാം മറികടന്ന് ബോക്സിൽ എത്തി. ബോക്സിൽ ഒരു ചാലഞ്ചിൽ വീഴുന്നതിനിടയിൽ മെസ്സി തൊടുത്ത ഇടം കാലൻ സ്ട്രൈക്ക് ഒസ്പീനയെയും മറികടന്ന് വലയിൽ എത്തുക ആയിരുന്നു.

ആദ്യ പകുതിയുടെ അവസാനത്തിൽ ബാഴ്സലോണയുടെ മൂന്നാം ഗോളും എത്തി. ഈ ഗോളിലും മെസ്സിയുടെ പങ്ക് വലുതായിരുന്നു. മെസ്സി നേടിക്കൊടുത്ത പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് സുവാർസ് ബാഴ്സലോണയുടെ ലീഡ് മൂന്നാക്കി. അഗ്രിഗേറ്റ് സ്കോറിൽ ബാഴ്സലോണ 4-1ന് മുന്നിൽ. ആദ്യ പകുതിയിലെ സംഭവങ്ങൾ അവിടെയും അവസാനിച്ചില്ല. ആദ്യ പകുതിയുടെ വിസിൽ മുഴങ്ങും മുമ്പ് ഒരു പെനാൾട്ടി വിസിൽ കൂടെ മുഴങ്ങി. ഇത്തവണ നാപോളിക്ക് അനുകൂലമായായിരുന്നു പെനാൾട്ടി. കിക്ക് എടുത്ത ലൊറെൻസോ ഇൻസിനെ പന്ത് വലയിൽ എത്തിച്ചു. സ്കോർ 3-1മ് അഗ്രിഗേറ്റിൽ ബാഴ്സലോണ 4-2ന് മുന്നിൽ.

രണ്ടാം പകുതിയിൽ അച്ചടക്കത്തോടെ കളിച്ച ബാഴ്സലോണ അധികം സമ്മർദ്ദത്തിൽ അകപ്പെടാതെ വിജയം ഉറപ്പിച്ചു. ലിസ്ബണിൽ നടക്കുന്ന ക്വാർട്ടറിൽ ബയേണെ ആകും ബാഴ്സലോണ നേരിടുക.