ലണ്ടൺ ഡാർബിയിൽ ആഴ്സണലിനെ തകർത്തെറിഞ്ഞിരിക്കുകയാണ് ചെൽസി. ഇന്ന് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആഴ്സണൽ ആരാധകർക്ക് മുന്നിൽ വെച്ചാണ് ചെൽസി ആഴ്സണലിനെ നാണംകെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ചെൽസിയുടെ വിജയം. ഇന്ന് മത്സരം ആരംഭിക്കും മുമ്പ് തന്നെ ചെൽസിക്ക് ആയിരുന്നു എല്ലാവരും മുൻതൂക്കം നൽകിയത്. മത്സരം ആരംഭിച്ചപ്പോൾ കണ്ടത് ചെൽസിയുടെ ആധിപത്യം ആയിരുന്നു.
മത്സരത്തിന്റെ 15ആം മിനുട്ടിൽ ആയിരുന്നു ചെൽസിയുടെ ആദ്യ ഗോൾ. കായ് ഹവേർട്സ് നൽകിയ മനോഹർ പാസ് സ്വീകരിച്ച് വലതു വിങ്ങിൽ നിന്ന് റീസ് ജെയിംസ് നൽകിയ പാസ് ടാപിൻ ചെയ്ത് ലുകാകു ഗോൾ നേടുക ആയിരുന്നു. ലുകാകുവിന്റെ ചെൽസിയിലെ രണ്ടാം വരവിലെ ആദ്യ ഗോളാണിത്. കളിയുടെ 35ആം മിനുട്ടിൽ റീസ് ജെയിംസ് ചെൽസിയുടെ രണ്ടാം ഗോളും നേടി. മേസൺ മൗണ്ടിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ജെയിംസിന്റെ ഗോൾ.
രണ്ടാം പകുതിയിൽ ആഴ്സണൽ മെച്ചപ്പെട്ട ഫുട്ബോൾ കാഴ്ചവെച്ചു എങ്കിലും തിരിച്ചുവരവ് നടത്താൻ അവർക്കായില്ല. ആഴ്സണൽ സൃഷ്ടിച്ച നല്ല അവസരങ്ങൾക്ക് ഒക്കെ തടസ്സമായി ചെൽസി കീപ്പർ മെൻഡി ഉണ്ടായിരുന്നു. കളിയുടെ 78ആം മിനുട്ടിൽ ഒരു ഗോൾ നേടാൻ ലുകാകുവിന് അവസരം ലഭിച്ചു. എന്നാൽ ലുകാകുവിന്റെ ഹെഡർ ലെനോയുടെ കയ്യിലും ബാറിലും തട്ടി പന്ത് പുറത്തേക്ക് പോയി.
ഈ വിജയത്തോടെ ചെൽസി ലീഗിൽ 6 പോയിന്റുമായി ഒന്നാം സ്ഥാനത്ത് എത്തി. കളിച്ച രണ്ടു മത്സരങ്ങളും പരാജയപ്പെട്ട ആഴ്സണൽ ഇപ്പോൾ റിലഗേഷൻ സോണിൽ ആണ് ഉള്ളത്.