സ്പാനിഷ് താരം സെസ്ക് ഫാബ്രിഗസ് ഫ്രാൻസിലേക്ക് കൂടു മാറുന്നു. ഫ്രഞ്ച് ക്ലബായ മൊണാക്കോയുമായുള്ള കരാറിന്റെ അന്തിമഘട്ട ചർച്ചകൾക്കായി ഫാബ്രിഗാസ് ഇന്ന് ഫ്രാൻസിലേക്ക് തിരിച്ചു. ഇന്നലെ ചെൽസിക്ക് വേണ്ടി എഫ് എ കപ്പിൽ ഇറങ്ങിയ ഫാബ്രിഗാസ് ഇത് തന്റെ ഇംഗ്ലണ്ടിലെ അവസാന മത്സരമാണെന്ന് സൂചന നൽകിയിരുന്നു. ഇന്നലെ ചെൽസിയുടെ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞ് കളിച്ച ഫാബ്രിഗാസ് മത്സര ശേഷം കണ്ണീരോടെ ആയിരുന്നു കളം വിട്ടത്.
ചെൽസിക്കായി 198 മത്സരങ്ങൾ കളിച്ച ഫാബ്രിഗാസ് 22 ഗോളുകളും 55 അസിസ്റ്റും നേടിയിട്ടുണ്ട്. രണ്ട് പ്രീമിയർ കീഗ് കിരീടം, ഒരു എഫ് എ കപ്പ്, ഒരു ലീഗ് കപ്പ് എന്നിവയും ഫാബ്രിഗസ് ചെൽസിയിൽ സ്വന്തമാക്കി. കഴിഞ്ഞ ആഴ്ച ഇംഗ്ലീഷ് ഫുട്ബോൾ ക്ലബുകൾക്കായി അഞ്ഞൂറ് മത്സരങ്ങൾ എന്ന നേട്ടത്തിൽ ഫാബ്രിഗാസ് എത്തിയിരുന്നു. ആഴ്സണലിനും ചെൽസിക്കും വേണ്ടി ബൂട്ട് കെട്ടിയാണ് ഫാബ്രിഗാസ് ഈ നേട്ടത്തിൽ എത്തിയത്.
പ്രീമിയർ ലീഗിൽ നൂറിൽ അധികം അസിസ്റ്റും 50ൽ അധികം ഗോളുകളും ഉള്ള നാലു താരങ്ങൾ ഒരാളാണ് ഫാബ്രിഗാസ്. പ്രീമിയർ ലീഗ് അസിസ്റ്റുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുമാണ് ഫാബ്രിഗാസ്. ആഴ്സണൽ വിട്ട് മുമ്പ് ബാഴ്സലോണയിൽ പോയിരുന്ന ഫാബ്രിഗാസ് പിന്നീട് വീണ്ടും ഇംഗ്ലീഷ് ഫുട്ബോളിലേക്ക് തിരിച്ചുവരികയായിരുന്നു.
താരം ചെൽസി വിടുമെന്ന അഭ്യൂഹം നേരത്തെ തന്നെ ശക്തമായിരുന്നു. ഫ്രഞ്ച് ക്ലബായ മൊണാക്കോ ഈ സീസണിൽ റിലഗേഷൻ ഒഴിവാക്കാൻ കഷ്ടപ്പെടുകയാണ്. അതാണ് ഫാബ്രിഗാസിനായി രംഗത്ത് വരാൻ അവരെ പ്രേരിപ്പിച്ചത്. മുൻ ആഴ്സണൽ ഇതിഹാസം ഹെൻറി ആണ് മൊണാക്കോയുടെ ഇപ്പോഴത്തെ പരിശീലകൻ.