2001ൽ ഓസ്‌ട്രേലിയക്കെതിരെ നടന്ന ടെസ്റ്റ് പരമ്പര തനിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. ആ പരമ്പര തനിക്ക് ജീവൻ മരണ പോരാട്ടമായിരുന്നുവെന്നും ഹർഭജൻ സിംഗ് പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിനുമായുള്ള ലൈവ് ചാറ്റിനിടെയാണ് 2001ലെ ഓസ്‌ട്രേലിയൻ പരമ്പരയെ കുറിച്ച് ഹർഭജൻ ഓർമ്മകൾ പങ്കുവെച്ചത്.
“2001ലെ പരമ്പരയുടെ സമയത്ത് താൻ ടീമിന് പുറത്തായിരുന്നു. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ തന്നെ രഞ്ജി ടീമിൽ കളിപ്പിക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല. എന്നാൽ അനിൽ കുംബ്ലെക്ക് പരിക്കേറ്റതോടെ ആ പരമ്പരയിൽ പരിശീലകനായിരുന്ന ജോൺ റൈറ്റും ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും ഒരു സ്പിന്നറെ തിരയുകയായിരുന്നു” ഹർഭജൻ സിംഗ് പറഞ്ഞു.
ആ പരമ്പരയിലാണ് ഹർഭജൻ സിംഗ് ഓസ്‌ട്രേലിയക്കെതിരെ ഹാട്രിക് നേടിയതും ആദ്യമായി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയതും. 2001ലെ പരമ്പരയിൽ ഈഡൻ ഗാർഡൻസിൽ ഇന്ത്യ നേടിയ ജയം ഇന്ത്യയുടെ ചരിതത്തിലെ ഏറ്റവും മികച്ച ജയങ്ങളിൽ ഒന്നാണ്.
2001ൽ ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ആദ്യ മത്സരം മുംബൈയിൽ പരാജയപ്പെട്ട ഇന്ത്യ തുടർന്നുള്ള രണ്ട് മത്സരങ്ങളും ജയിച്ച് അവിസ്മരണീയ തിരിച്ചുവരവ് നടത്തി പരമ്പര സ്വന്തമാക്കിയിരുന്നു. ആ പരമ്പരയിൽ 32 വിക്കറ്റുകൾ നേടിയ ഹർഭജൻ സിംഗ് പരമ്പരയിലെ മികച്ച താരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കിയിരുന്നു.