36 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ലോകകപ്പ് യോഗ്യത ഉറപ്പിച്ച് കാനഡ. ജമൈക്കയെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് തോൽപ്പിച്ചാണ് കാനഡ ലോകകപ്പ് യോഗ്യത നേടിയത്. CONCACAF മേഖലയിൽ നിന്ന് ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീം കൂടിയാണ് കാനഡ. അവസാനമായി 1986ലാണ് കാനഡ ലോകകപ്പ് കളിച്ചത്. അന്ന് ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ഗോൾ പോലും നേടാനാവാതെ അവസാന സ്ഥാനത്താണ് കാനഡ ലോകകപ്പ് അവസാനിപ്പിച്ചത്.
മത്സരത്തിന്റെ 13ആം മിനുട്ടിൽ കായ്ൽ ലാറിന്റെ ഗോളിൽ മത്സരത്തിൽ മുൻപിലെത്തിയ കാനഡ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ തഹോൺ ബുക്കനന്റെ ഗോളിൽ ലീഡ് ഇരട്ടിയാക്കി. തുടർന്ന് ഗോൾ നേടാനുള്ള നിരവധി അവസരങ്ങൾ കാനഡ പാഴാക്കിയെങ്കിലും അവസാന 10 മിനുട്ടിൽ 2 ഗോളുകൾ കൂടി നേടി ഗോൾ പട്ടിക പൂർത്തിയാക്കി. ജൂനിയർ ഹോയ്ലെറ്റും അഡ്രിയാൻ മരിയപ്പയുമാണ് ഗോളുകൾ നേടിയത്.