കാമറൂണിൽ ജനിച്ച എംബോളോ നേടിയ ഏക ഗോളിന്റെ ബലത്തിൽ സ്വിറ്റ്സർലാന്റ് കാമറൂണെ പരാജയപ്പെടുത്തി. ബ്രസീൽ ഉള്ള ഗ്രൂപ്പിലെ ആദ്യ മത്സരം ആണ് ഇന്ന് അൽ ജനൗബ് സ്റ്റേഡിയത്തിൽ കണ്ടത്. കാമറൂണും സ്വിറ്റ്സർലാന്റും നേർക്കുനേർ വന്നപ്പോൾ ഒപ്പത്തിന് ഒപ്പമുള്ള പോരാട്ടം തന്നെയാണ് പ്രതീക്ഷിച്ചത്. സ്വിറ്റ്സർലാന്റ് ആണ് കളി നന്നായി തുടങ്ങിയത് എങ്കിലും ആദ്യ പകുതി പുരോഗമിച്ചു കൊണ്ടിരിക്കെ കാമറൂൺ കൂടുതൽ കളിയിലേക്ക് വന്നു. യാൻ സോമ്മറിനെ കാര്യമായി പരീക്ഷിക്കാൻ കാമറൂണ് ആയില്ല എങ്കിലും എമ്പുവോമേയും ചോപ മോടിങും എല്ലാം നിരന്തരം സ്വിസ്സ് ഡിഫൻസിന് വെല്ലുവിളി ആയി.
മറുവശത്ത് ഷഖീരിയിൽ ആയിരുന്നു സ്വിസ് നീക്കങ്ങളുടെ എല്ലാം പ്രതീക്ഷ. കോർണറിൽ നിന്ന് വന്ന രണ്ട് അവസരം അല്ലാതെ കാര്യമായ അവസരം ആദ്യ പകുതിയിൽ സ്വിറ്റ്സർലാന്റ് ഒരുക്കിയില്ല. രണ്ടാം പകുതിയിൽ കാര്യങ്ങൾ മെച്ചപ്പെട്ടു. അവസാനം അവരുടെ വിശ്വസ്ത ഷഖീരി തന്നെ സ്വിസ് ഗോളിനുള്ള വഴി വെച്ചു.
48ആം മിനുട്ടിൽ വലതു വിങ്ങിൽ നിന്ന് ഷഖീരി നൽകിയ ക്രോസ് പെനാൾട്ടി ബോക്സിൽ കാത്തു നിന്ന ബ്രീൽ എംബോളോയുടെ കാലിലേക്ക് വന്നു. എംബോളോയുടെ ഷോട്ട് തടയാൻ പോലും ആകുമായിരുന്നില്ല. കാമറൂണിൽ ജനിച്ച എംബോളോ കാമറൂണിന് എതിരെ നേടിയ ഗോൾ നേടി സ്വിറ്റ്സർലാന്റിനെ 1-0ന് മുന്നിൽ എത്തിച്ചു. എംബോളോ കാമറൂണോടുള്ള ബഹുമാനം കൊണ്ട് ആ ഗോൾ ആഘോഷിച്ചില്ല.
ഈ ഗോളിന് ശേഷം കളി നിയന്ത്രിക്കാ സ്വിറ്റ്സർലാന്റിനായി. ഒനാനയുടെ ഒരു മികച്ച സേവ് സ്വിറ്റ്സർലാന്റിന്റെ സ്കോർ 1-0ൽ തന്നെ നിർത്തി. കാമറൂൺ ഗോൾ കണ്ടെത്താൻ ആയി അവരുടെ ക്യാപ്റ്റൻ അബൂബക്കറിനെ കളത്തിൽ എത്തിച്ചു എങ്കിലും ഫലം ഉണ്ടായില്ല.
അടുത്ത മത്സരത്തിൽ സ്വിറ്റ്സർലാന്റ് ബ്രസീലിനെയും കാമറൂൺ സെർബിയയെയും നേരിടും.