പുതുതായി പ്രഖ്യാപിച്ച യൂറോപ്യൻ സൂപ്പർ ലീഗിലേക്കില്ലെന്ന് ജർമ്മൻ വമ്പന്മാരായ ബൊറുസിയ ഡോർട്ട്മുണ്ട്. യുവേഫയോടും ചാമ്പ്യൻസ് ലീഗിനുമൊപ്പം തുടരുമെന്ന് ബൊറുസിയ ഡോർട്ട്മുണ്ട് സിഇഒ ഹാൻസ് ജോവാക്കിം വട്സ്കെ വ്യക്തമാക്കിയത്. യുവേഫയുടെ പുതിയ ചാമ്പ്യൻസ് ലീഗ് മാറ്റങ്ങളോട് സഹകരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പ്രതികരിച്ചു. ബൊറുസിയ ഡോർട്ട്മുണ്ടും ബയേൺ മ്യൂണിക്കും അടക്കമുള്ള രണ്ട് ജർമ്മൻ ക്ലബ്ബുകളും യുവേഫക്കും യൂറോപ്യൻ ക്ലബ്ബ് അസോസിയേഷനൊപ്പവും ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ആഴ്സണൽ, ലിവർപൂൾ, ടോട്ടനം, സ്പാനിഷ് ക്ലബുകളായ റയൽ മാഡ്രിഡ്, അത്ലറ്റിക്കോ മാഡ്രിഡ്, ബാഴ്സലോണ, ഇറ്റാലിയൻ ക്ലബുകളായ എ സി മിലാൻ, യുവന്റസ്, ഇന്റർ മിലാൻ എന്നിവരാണ് യൂറോപ്യൻ സൂപ്പർ ലീഗ് എന്ന പുതിയ ടൂർണമെന്റുമായി രംഗത്ത് വന്നത്. ടീമുകൾ എല്ലാം യൂറോപ്യൻ ക്ലബ്ബ് അസോസിയേഷനിൽ നിന്നും രാജി വെക്കുകയും ചെയ്തു. ബയേണും പിഎസ്ജിയും ബൊറുസിയ ഡോർട്ട്മുണ്ട് അടക്കമുള്ള ക്ലബ്ബുകൾ സൂപ്പർ ലീഗിലെത്തുമെന്ന് മുൻപ് വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെ തള്ളിയാണ് ബൊറുസിയ ഡോർട്ട്മുണ്ട് സി ഇ ഒ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റിറക്കിയത്.