അവസാന രണ്ടോവറിൽ നിന്ന് രാജസ്ഥാന്‍ റോയൽസ് 42 റൺസ് നേടിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ടീം 169 റൺസ് നേടി. 3 വിക്കറ്റ് നഷ്ടത്തിൽ ഈ സ്കോറിലേക്ക് രാജസ്ഥാനെ എത്തുവാന്‍ സഹായിച്ചത് നാലാം വിക്കറ്റിൽ 83 റൺസ് നേടിയ ജോസ് ബട്‍ലര്‍ – ഷിമ്രൺ ഹെറ്റ്മ്യര്‍ കൂട്ടുകെട്ടാണ്. 51 പന്തിൽ നിന്നാണ് ഈ കൂട്ടുകെട്ട് ഇത്ര റൺസ് നേടിയത്.
അവസാന രണ്ടോവര്‍ വരെ മത്സരം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ബൗളര്‍മാരുടെ കൈയ്യിലായിരുന്നു. മികച്ച ഫോമിലുള്ള ജോസ് ബട്‍ലര്‍ വരെ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോള്‍ ഒരു ഘട്ടത്തിൽ രാജസ്ഥാന്‍ 11.4 ഓവറിൽ 86/3 എന്ന നിലയിലായിരുന്നു.
ജോസ് ബട്‍ലറുടെ ക്യാച്ച് ഡേവിഡ് വില്ലി കൈവിട്ടതിനെത്തുടര്‍ന്ന് താരം 70 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ ഷിമ്രൺ ഹെറ്റ്മ്യര്‍ 42 റൺസ് നേടി.
യശ്വസി ജൈസ്വാൽ തന്റെ മോശം ഫോം തുടര്‍ന്ന് വേഗത്തിൽ മടങ്ങിയ ശേഷം ദേവ്ദത്ത് പടിക്കലും ജോസ് ബട്‍ലറും ചേര്‍ന്ന് 70 റൺസ് രണ്ടാം വിക്കറ്റിൽ നേടി രാജസ്ഥാനെ മുന്നോട്ട് നയിക്കുകയായിരുന്നു.
പടിക്കൽ 37 റൺസ് നേടിയപ്പോള്‍ പത്തോവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാന്‍ 76 റൺസായിരുന്നു നേടിയത്. ദേവ്ദത്തിനെ ഹർഷൽ പട്ടേൽ പുറത്താക്കിയപ്പോള്‍ സഞ്ജുവിനെ വനിന്‍ഡു ഹസരംഗ വേഗം മടക്കി. സിറാജ് എറിഞ്ഞ 19ാം ഓവറിൽ ജോസ് ബട്‍ലര്‍ രണ്ട് സിക്സ് അടിച്ച് തന്റെ ഫിഫ്റ്റി തികയ്ക്കുകയായിരുന്നു. ഓവറിൽ നിന്ന് 19 റൺസാണ് പിറന്നത്. ആകാശ് ദീപ് എറിഞ്ഞ 20ാം ഓവറിൽ 23 റൺസും നേടിയപ്പോള്‍ രാജസ്ഥാന് പൊരുതാവുന്ന സ്കോറിലേക്ക് എത്താനായി.