ബുണ്ടസ് ലീഗയിൽ ചരിത്രമെഴുതി ബൊറുസിയ ഡോർട്ട്മുണ്ടിന്റെ യുവതാരം യൂസോഫ മൗകോകോ. ജർമ്മൻ ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറിയിരിക്കുകയാണ് യൂസോഫ മൗകോകോ. 16 വയസും ഒരു ദിവസവുമാണ് യൂസോഫ മൗകോകോയുടെ പ്രായം. ഇതിന് മുൻപ് ഡോർട്ട്മുണ്ട് ലെജന്റ് നൂറി സാഹിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് യൂസോഫ മൗകോകോ പഴങ്കഥയാക്കിയത്.
17കാരനായ ജൂഡ് ബെർലിംഗ്ഹാമും 18കാരനായ ജിയോവാനി റെയ്നയും ജേഡൻ സാഞ്ചോയും 20കാരനായ എർലിംഗ് ഹാളണ്ടുമടങ്ങുന്ന യുവനിരയിലേക്കാണ് ഇപ്പോൾ മൗകോകോയും എത്തുന്നത്. ബൊറുസിയ ഡോർട്ട്മുണ്ടിന്റെ അക്കാദമി താരങ്ങളോടുള്ള പ്രതിബദ്ധതകുടിയായിരുന്നു ഈ സീനിയർ ടീം അരങ്ങേറ്റത്തിന്റെ പിന്നിൽ. രണ്ട് വർഷം മുമ്പ് ഒരു അണ്ടർ 19 മത്സരത്തിൽ 6 ഗോളുകൾ ഡോർട്മുണ്ടിനായി നേടിയതോടെ ആയിരുന്നു യൂസോഫ മൗകോക ഫുട്ബോൾ ആരാധകരുടെ ശ്രദ്ധയിലേക്ക് വന്നത്. തന്റെ 12ആം വയസ്സിൽ അണ്ടർ 17 ടീമിനായി കളിച്ച താരമാണ് യൂസോഫ.
കാമറൂൺകാരനായ യൂസോഫ ഡോർട്മുണ്ട് അക്കാദമി കണ്ട ഏറ്റവും മികച്ച സ്ട്രൈക്കർ ആണെന്നാണ് പരിശീലകർ പറയുന്നത്. സെന്റ് പോളിയിൽ നിന്നുമാണ് മൗകോകോ ബൊറുസിയ ഡോർട്ട്മുണ്ടിൽ എത്തുന്നത്. തന്റെ പതിമൂന്നാം വയസ്സിൽ ഡോർട്മുണ്ടിന്റെ അണ്ടർ 17 ടീമിനായി ഒരു സീസൺ മുഴുവൻ കളിച്ച യൂസേഫ 25 മത്സരങ്ങളിൽ നിന്നായി അടിച്ചു കൂട്ടിയത് 46 ഗോളുകൾ ആയിരുന്നു. ജർമ്മൻ ദേശീയ ടീമിനായി U16, U20 ടീമുകൾടെ ഭാഗം കൂടിയായിട്ടുണ്ട് യൂസഫെ മൗകോകോ.