ശ്രീശാന്തിന്റെ മടങ്ങിവരവ് അടുത്ത് തന്നെയെന്ന് സൂചന

- Advertisement -

ബിസിസിഐയുടെ വിലക്ക് നീങ്ങിയ ശേഷം ക്രിക്കറ്റിലേക്കുള്ള ശ്രീശാന്തിന്റെ മടങ്ങി വരവ് അടുത്ത് തന്നെയെന്ന് സൂചന. ഡിസംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ്സ് ടി20 കപ്പിലൂടെ ശ്രീശാന്ത് നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്നാണ് അറിയുന്നത്. കേരള ക്രിക്കറ്റ് അസോസ്സിയേഷനാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്.

കൊറോണയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ മാത്രമേ ടൂര്‍ണ്ണമെന്റ് നടക്കുകയുള്ളു. അതിനാല്‍ തന്നെ തീയ്യതികളൊന്നും ഇതുവരെ നിശ്ചയിച്ചിട്ടില്ല. മേയ് 9 2013ല്‍ ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെയാണ് ശ്രീശാന്ത് അവസാനമായി കളിച്ചത്.

ആലപ്പുഴയിലെ ഒരു ഹോട്ടലിലാവും എല്ലാ താരങ്ങളും ബയോ ബബിളില്‍ കഴിയുക എന്ന് കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍ പ്രസിഡന്റ് സാജന്‍ കെ വര്‍ഗ്ഗീസ് വ്യക്തമാക്കി. ഡിസംബര്‍ ആദ്യ വാരം ടൂര്‍ണ്ണമെന്റ് നടത്തുവാനുള്ള സാധ്യതകളാണ് അസോസ്സിയേഷന്‍ പരിഗണിച്ച് വരുന്നതെന്നും സാജന്‍ വ്യക്തമാക്കി.

ഡ്രീം ഇലവന്റെ സ്പോണ്‍സര്‍ഷിപ്പ് ചാമ്പ്യന്‍ഷിപ്പിനുണ്ടാകുമെന്നും സാജന്‍ അഭിപ്രായപ്പെട്ടു.

Advertisement