അങ്ങനെ ലെവൻഡോസ്കി ചരിത്രം കുറിച്ചു. ഇന്ന് ഒഗ്സ്ബർഗിനെതിരെ 90ആം മിനുട്ടിൽ ലെവൻഡോസ്കി നേടിയ ഗോൾ ചരിത്രത്തിൽ പുതിയ ഏട് തുറക്കുന്ന ഗോളായിരുന്നു. ഇന്ന് നേടിയ ഗോളോടെ ലെവൻഡോസ്കി ഈ സീസണിൽ 41 ലീഗ് ഗോളുകളിൽ എത്തി. ഇതിഹാസ താരം ജെർദ് മുള്ളറിന്റെ റെക്കോർഡിനെ ആണ് ലെവൻഡോസ്കി ഇന്ന് മറികടന്നത്. ഒരു സീസണിൽ ഏറ്റവും കൂടുതൽ ബുണ്ടസ് ലീഗ് ഗോൾ എന്ന റെക്കോർഡ് ഇതോടെ ലെവൻഡോസ്കിയുടേത് മാത്രമായി.
40 ഗോളുകൾ ആണ് മുള്ളർ 1971-72 സീസണിൽ നേടിയിട്ടുള്ളത്. അന്ന് 34 മത്സരങ്ങളിൽ നിന്നായിരുന്നു മുള്ളർ ഈ നേട്ടത്തിൽ എത്തിയത്. ലെവൻഡോസ്കി ഈ സീസണിൽ ആകെ 29 മത്സരങ്ങൾ മാത്രമെ കളിച്ചിട്ടുള്ളൂ. അത്രയും മത്സരങ്ങളിൽ നിന്ന് 41 ഗോളുകൾ നേടാൻ ലെവൻഡോസ്കിക്ക് ആയി. സീസണിലെ അവസാന മത്സരത്തിൽ ആണ് ഈ റെക്കോർഡിൽ ലെവൻഡോസ്കി എത്തിയത്. ഇനി ഈ റെക്കോർഡ് അടുത്തൊന്നും ആരും മറികടക്കും എന്ന് ഫുട്ബോൾ ലോകം പ്രതീക്ഷിക്കുന്നില്ല.