ബുണ്ടസ് ലീഗിൽ അവസാന മത്സരത്തിൽ വമ്പൻ പരാജയം ഏറ്റു വാങ്ങി ബൊറൂസിയ ഡോർട്ട്മുണ്ട്. എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് ഹോഫൻഹേം ഡോർട്ട്മുണ്ടിനെ തകർത്തത്. മുൻ ലെസ്റ്റർ സിറ്റി താരവും ക്രൊയേഷ്യൻ താരവും ആയ ആന്ദ്രേജ് ക്രാമറിച്ച് ആണ് ഹോഫൻഹേമിന്റെ നാലു ഗോളുകളും നേടിയത്. സ്വന്തം മൈതാനത്തിൽ 2009 തിൽ ബയേണോട് 5-1 തോറ്റ ശേഷം ഡോർട്ട്മുണ്ട് നേരിടുന്ന ഏറ്റവും വലിയ പരാജയം ആണ് ഇത്. ഒരു മത്സരത്തിൽ ലെവൻഡോസ്ക്കിക്ക് ശേഷം ബുണ്ടസ് ലീഗിൽ ഈ നൂറ്റാണ്ടിൽ ആദ്യ 4 ഗോളുകൾ നേടുന്ന താരം കൂടിയായി ക്രാമറിച്ച്.
ആദ്യ പകുതിയിൽ 11, 30 മിനിറ്റുകളിൽ ലക്ഷ്യം കണ്ട ക്രാമറിച്ച് രണ്ടാം പകുതിയിൽ 48 മിനിറ്റിൽ തന്റെ ഹാട്രിക് പൂർത്തിയാക്കി. തുടർന്ന് 50 താമത്തെ മിനിറ്റിൽ പെനാൽട്ടിയിലൂടെ ഗോൾ കണ്ടത്തിയ താരം ഡോർട്ട്മുണ്ടിനു വമ്പൻ പരാജയം സമ്മാനിച്ചു. തോൽവി വഴങ്ങി എങ്കിലും 69 പോയിന്റുകൾ ഉള്ള ഡോർട്ട്മുണ്ട് തന്നെയാണ് ലീഗിൽ രണ്ടാം സ്ഥാനത്ത്. അതേസമയം 52 പോയിന്റുകളും ആയി ആറാം സ്ഥാനത്ത് ലീഗ് അവസാനിപ്പിച്ച ഹോഫൻഹേം യൂറോപ്പ ലീഗ് യോഗ്യത ഉറപ്പാക്കി.