ജർമ്മൻ ബുണ്ടസ് ലീഗയിൽ വോൾവ്സ്ബർഗിനെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് തകർത്തു ബൊറൂസിയ ഡോർട്ട്മുണ്ട്. ആദ്യ പകുതിയിൽ 24 മുതൽ 38 മിനിറ്റു വരെ പതിനാലു മിനിറ്റിനു ഇടയിൽ 5 ഗോളുകൾ ആണ് ഡോർട്ട്മുണ്ട് കണ്ടത്തിയത്. 24 മത്തെ മിനിറ്റിൽ ജൂലിയൻ ബ്രാന്റിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ടോം റോത് ആണ് ഡോർട്ട്മുണ്ടിന്റെ ആദ്യ ഗോൾ നേടിയത്. 2 മിനിട്ടുകൾക്ക് ശേഷം ഹാളണ്ടിന്റെ പാസിൽ നിന്നു അലക്‌സ് വിറ്റ്സൽ ഡോർട്ട്മുണ്ടിന്റെ രണ്ടാം ഗോൾ കണ്ടത്തി. 2 മിനിറ്റിനുള്ളിൽ മാർകോ റൂയിസിന്റെ ക്രോസിൽ നിന്നു മാനുവൽ അകാഞ്ചി ഗോൾ നേടിയതോടെ ഡോർട്ട്മുണ്ട് വലിയ ജയം ഉറപ്പിച്ചു.
34 മത്തെ മിനിറ്റിൽ എമറെ ചാൻ മാരിയസ് വോൾഫിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തി. തുടർന്ന് നാലു മിനിറ്റിനു ശേഷം ജനുവരിക്ക് ശേഷം തന്റെ ആദ്യ ഗോൾ എർലിംഗ് ഹാളണ്ട് നേടി. റൂയിസിന്റെ പാസിൽ നിന്നായിരുന്നു ഹാളണ്ടിന്റെ ഗോൾ. രണ്ടാം പകുതിയിൽ 54 മത്തെ മിനിറ്റിൽ ബ്രാന്റിന്റെ പാസിൽ നിന്നു ഹാളണ്ട് തന്റെ രണ്ടാം ഗോളും ഡോർട്ട്മുണ്ടിന്റെ ആറാം ഗോളും നേടി. 81 മത്തെ മിനിറ്റിൽ റിഡിലെ ബാകു ആണ് വോൾവ്സ്ബർഗിന്റെ ആശ്വാസ ഗോൾ നേടിയത്. അടുത്ത കളിയിൽ ബയേണിനെ നേരിടുന്ന ഡോർട്ട്മുണ്ടിന് ഈ വലിയ ജയം വലിയ കരുത്ത് പകരും.