ജർമ്മൻ ക്ലാസിക്കോയിൽ വിജയക്കുതിപ്പുമായി ബയേൺ മ്യൂണിക്ക്. ആറ് ഗോൾ ത്രില്ലറിൽ വമ്പൻ തിരിച്ച് വരവ് നടത്തിയാണ് ബയേൺ മ്യൂണിക്ക് ബൊറുസിയ ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു ബയേൺ മ്യൂണിക്കിന്റെ ജയം. ബയേൺ മ്യൂണിക്കിനായി പോളിഷ് ഗോൾ മെഷീൻ റോബർട്ട് ലെവൻഡോസ്കി ഹാട്രിക്ക് നേടിയപ്പോൾ മറ്റോരു ഗോൾ നേടിയത് ലിയോൺ ഗോരെട്സ്കയാണ്. എർലിംഗ് ഹാളണ്ടിന്റെ ഇരട്ട ഗോളുകൾ കളിയുടെ ആദ്യ 9 മിനുട്ടിൽ തന്നെ ബൊറുസിയ ഡോർട്ട്മുണ്ടിന് ലീഡ് നൽകിയിരുന്നു.
കളിയുടെ രണ്ടാം മിനുട്ടിൽ ബയേണിന്റെ വലകുലുക്കാൻ ഹാളണ്ടിനായി. വീണ്ടും പ്രതിരോധത്തിലെ പാളിച്ച മുതലെടുത്ത് ഡോർട്ട്മുണ്ട് ഹാളണ്ടിന്റെ ഗോളിലൂടെ ലീഡുയർത്തി. എന്നാൽ സാനെയുടെ അതിമനോഹരമായ പാസിലൂടെ ലെവൻഡോസ്കി ബയേണിന്റെ ആദ്യ ഗോൾ നേടി. ആദ്യ പകുതി അവസാനിക്കും മുൻപേ കിംഗ്സ്ലി കോമനെ വീഴ്ത്തിയതിന് വാർ ഇടപെട്ട് ലഭിച്ച പെനാൽറ്റിയും ലെവൻഡോസ്കി ലക്ഷ്യത്തിലെത്തിച്ചു. കളിയുടെ രണ്ടാം പകുതിയുടെ അവസാനത്തിലാണ് ഗോറെട്സ്കയുടേയും ലെവൻഡോസ്കിയുടേയും ഗോളുകൾ പിറന്നത്. യൂറോപ്യൻ ചാമ്പ്യന്മാർ വീണ്ടും ഉണർന്ന് കളിച്ചപ്പോൾ കഴിഞ്ഞ ആറ് തവണത്തെയും പോലെ പരാജയമേറ്റുവാങ്ങി മടങ്ങാനായിരുന്നു ബൊറുസിയ ഡോർട്ട്മുണ്ടിന്റെ വിധി. ഈ ജയത്തോട് കൂടി ബുണ്ടസ് ലീഗയിൽ രണ്ട് പോയന്റിന്റെ ലീഡുമായി ബയേൺ മ്യൂണിക്ക് ആണ് ഒന്നാം സ്ഥാനത്ത്.