ജർമ്മൻ ക്ലാസിക്കോയിൽ പതിവ് പോലെ ഡോർട്ട്മുണ്ടിനെ വീഴ്ത്തി ബയേൺ മ്യൂണിച്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് സിഗ്നൽ ഇഡുന പാർക്കിൽ ബയേൺ ജയം കണ്ടത്. ലീഗിൽ ഒരു പോയിന്റ് മാത്രം വ്യത്യാസത്തിൽ ബയേണിനു പിറകിൽ ആയിരുന്ന ഡോർട്ടമുണ്ട് ജയിച്ചാൽ ബയേണിനെ മറികടക്കാൻ ആവും എന്നു കരുതിയാണ് ഡോർട്ട്മുണ്ട് മത്സരത്തിനു എത്തിയത്. മത്സരത്തിൽ നേരിയ ആധിപത്യം ബയേണിനു ഉണ്ടായിരുന്നു എങ്കിലും അവസരങ്ങൾ ഒരുക്കുന്നതിൽ ഡോർട്ട്മുണ്ട് ബയേണിനു ഒപ്പം തന്നെയായിരുന്നു. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ ജൂഡ് ബെല്ലിങ്ഡണിന്റെ ത്രൂ ബോളിൽ നിന്നു ഗോൾ കണ്ടത്തിയ ജൂലിയൻ ബ്രാന്റ് ഡോർട്ട്മുണ്ടിനെ മത്സരത്തിൽ മുന്നിലെത്തിച്ചു. എന്നാൽ നാലു മിനിട്ടുകൾക്ക് അകം പ്രത്യാക്രമണത്തിൽ ഡോർട്ട്മുണ്ടിന്റെ പ്രതിരോധത്തിൽ നിന്നു പന്ത് തട്ടിയെടുത്ത ലെവൻഡോസ്കിയും മുള്ളറും ബയേണിനു സമനില ഗോൾ സമ്മാനിച്ചു. മുള്ളറിന്റെ പാസിൽ നിന്നായിരുന്നു ലെവൻഡോസ്കിയുടെ ഗോൾ. തുടർന്ന് ഗോൾ നേടാനുള്ള ശ്രമം ഇരു ടീമുകളിൽ നിന്നും ഉണ്ടായി.
ഒന്നാം പകുതിക്ക് തൊട്ടു മുമ്പ് ബയേണിനെ മത്സരത്തിൽ ആദ്യമായി മുന്നിലെത്തിച്ചു കിങ്സിലി കോമാൻ. എന്നാൽ രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ ജൂഡ് ബെല്ലിങ്ഡണിന്റെ പാസിൽ നിന്നു ഒരു മികച്ച ഷോട്ടിലൂടെ ലക്ഷ്യം കണ്ട ഹാളണ്ട് ഡോർട്ട്മുണ്ടിന് സമനില ഗോൾ സമ്മാനിച്ചു. തുടർന്ന് മാർകോ റൂയിസിനെ ബോക്സിൽ ബയേണിന്റെ പ്രതിരോധ താരം വീഴ്ത്തി എങ്കിലും റഫറി പെനാൽട്ടി അനുവദിച്ചില്ല. തുടർന്ന് 74 മത്തെ മിനിറ്റിൽ മാറ്റ് ഹമ്മൽസിന്റെ ഹാന്റ് ബോളിന് റഫറി ബയേണിനു പെനാൽട്ടി അനുവദിച്ചു. ഡോർട്ട്മുണ്ട് താരങ്ങൾ പ്രതിഷേധിച്ചു എങ്കിലും റഫറി പെനാൽട്ടിയിൽ ഉറച്ചു നിന്നു. തുടർന്ന് പെനാൽട്ടി എടുത്ത ലെവൻഡോസ്കി പെനാൽട്ടി ലക്ഷ്യം കണ്ടു ബയേണിനു വിജയം സമ്മാനിച്ചു. ജയത്തോടെ ലീഗിൽ ഡോർട്ട്മുണ്ടും ആയുള്ള ലീഡ് നാല് ആക്കി ഉയർത്താൻ ബയേണിനു ആയി.