ജർമ്മൻ ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിന് അവിശ്വസനീയ പരാജയം. രണ്ടിനെതിരെ നാലു ഗോളുകൾക്ക് ലീഗിൽ പതിനൊന്നാം സ്ഥാനത്തുള്ള വി.എഫ്.എൽ ബോകും ആണ് റെക്കോർഡ് ജേതാക്കൾ ആയ ബയേണിനെ ഞെട്ടിച്ചത്. മത്സരത്തിൽ വലിയ ആധിപത്യം പന്ത് കൈവശം വക്കുന്നതിൽ അടക്കം ബയേൺ പുലർത്തിയെങ്കിലും അവസരങ്ങൾ ഉണ്ടാക്കുന്നതിൽ ബോകും അത്ര പുറകിൽ ആയിരുന്നില്ല. പതിവ് പോലെ ഒമ്പതാം മിനിറ്റിൽ റോബർട്ട് ലെവൻഡോസ്കിയിലൂടെ ബയേൺ ആണ് ആദ്യം മുന്നിലെത്തിയത്. കിങ്സിലി കോമാന്റെ ഹെഡർ പാസിൽ നിന്നായിരുന്നു ലെവൻഡോസ്കിയുടെ ഗോൾ. പിന്നീട് ആദ്യ പകുതിയിൽ കണ്ടത് അവിശ്വസനീയമായ കാഴ്ച ആയിരുന്നു. ആദ്യ 45 മിനിറ്റിൽ നാലു ഗോളുകൾ ആണ് ബുണ്ടസ് ലീഗ ജേതാക്കൾ തുടർന്ന് വഴങ്ങിയത്.
14 മത്തെ മിനിറ്റിൽ ഹോൾട്ട്മാന്റെ പാസിൽ നിന്നു ക്രിസ്റ്റഫർ ആണ് ബോകും സമനില ഗോൾ നേടിയത്. 36 മത്തെ മിനിറ്റിൽ ഉപമെകാനോ പെനാൽട്ടി വഴങ്ങിയത് ബയേണിനു തിരിച്ചടിയായി. പെനാൽട്ടി ലക്ഷ്യം കണ്ട ലൊകാഡിയ ബോകുമിനെ മുന്നിലെത്തിച്ചു. തുടർന്ന് രണ്ടു മിനിറ്റിനുള്ളിൽ സ്വന്തം കാണികളെ ആവേശത്തിലാക്കി ക്രിസ്റ്റിയൻ ഗമ്പോവ ബോകുമിന്റെ മൂന്നാം ഗോളും നേടി. ആദ്യ പകുതിക്ക് തൊട്ടു മുമ്പ് ബോക്സിനു പുറത്ത് നിന്ന് ഹോൾട്ട്മാന്റെ ഉഗ്രൻ ഗോൾ കൂടിയായപ്പോൾ ബയേൺ ഞെട്ടി. ബുള്ളറ്റ് ഷോട്ടിലൂടെയാണ് താരം ഗോൾ നേടിയത്. രണ്ടാം പകുതിയിൽ തിരിച്ചു വരാൻ എല്ലാ ശ്രമവും നടത്തുന്ന ബയേണിനെ ആണ് കാണാൻ ആയത്. 74 മത്തെ മിനിറ്റിൽ കോർണറിൽ ലഭിച്ച അവസരത്തിൽ ഒരു ഗോൾ മടക്കാൻ ലെവൻഡോസ്കിക്ക് ആയെങ്കിലും ബയേണിന്റെ വലിയ പരാജയം അവർക്ക് ഒഴിവാക്കാൻ ആയില്ല. തോറ്റെങ്കിലും ബുണ്ടസ് ലീഗയിൽ ബയേൺ ബഹുദൂരം മുന്നിലാണ്.