ബുണ്ടസ് ലീഗയിൽ ശക്തരുടെ പോരാട്ടത്തിൽ ആർ.ബി ലൈപ്സിഗിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു ബയേൺ മ്യൂണിക്. ജയത്തോടെ ലീഗിൽ രണ്ടാം സ്ഥാനക്കാർ ആയ ഡോർട്ട്മുണ്ടും ആയുള്ള പോയിന്റ് വ്യത്യാസം ഒമ്പത് ആയി കൂട്ടാനും ബയേണിനു ആയി. ബയേണിനു പന്ത് കൈവശം വക്കുന്നതിൽ മുൻതൂക്കം ഉണ്ടായിരുന്ന മത്സരത്തിൽ ഇരു ടീമുകളും നിരവധി അവസരങ്ങൾ ആണ് സൃഷ്ടിച്ചത്. പന്ത്രണ്ടാം മിനിറ്റിൽ തോമസ് മുള്ളറിലൂടെ ബയേൺ ആണ് മത്സരത്തിൽ ആദ്യ ഗോൾ കണ്ടത്തിയത്. എന്നാൽ 27 മത്തെ മിനിറ്റിൽ ലൈമറിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ അഡ്രിയാൻ സിൽവ ലൈപ്സിഗിനു സമനില ഗോൾ നൽകി.
ഒന്നാം പകുതിക്ക് തൊട്ടു മുമ്പ് കിങ്സ്ലി കോമാന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ റോബർട്ട് ലെവൻഡോസ്കി ബയേണിനെ വീണ്ടും മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ 53 മത്തെ മിനിറ്റിൽ ലൈമറിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ക്രിസ്റ്റഫർ എങ്കുങ്കു ലൈപ്സിഗിനെ മത്സരത്തിൽ വീണ്ടും ഒപ്പം എത്തിച്ചു. എന്നാൽ 5 മിനിറ്റിനുള്ളിൽ ലൈപ്സിഗ് താരം ജോസ്കോ വാർഡിയോൾ സെൽഫ് ഗോൾ നേടിയതോടെ ബയേൺ വീണ്ടും മത്സരത്തിൽ മുന്നിലെത്തി. ജയത്തോടെ പതിവ് പോലെ വലിയ വെല്ലുവിളികൾ ഇല്ലാതെ ബുണ്ടസ് ലീഗ കിരീടം സ്വന്തം പേരിലാക്കി കുതിക്കുക ആണ് ബയേൺ.