ആദ്യ ടെസ്റ്റിൽ എങ്ങനെ ബൗൾ ചെയ്ത് അവസാനിപ്പിച്ചോ അതിലും ശക്തിയിലാണ് ബുമ്ര രണ്ടാം ടെസ്റ്റിൽ ബൗളിംഗ് ആരംഭിച്ചിരിക്കുന്നത്. വെസ്റ്റിൻഡീസിനെ എറിഞ്ഞ് വീഴ്ത്തിക്കൊണ്ട് തുടങ്ങിയ ബുമ്ര ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക്ക് എന്ന അപൂർവ്വ നേട്ടം സ്വന്തമാക്കി. ടെസ്റ്റിൽ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരം മാത്രമാണ് ബുമ്ര. 2006ൽ പാകിസ്താനെതിരെ ഇർഫാൻ ആയിരുന്നു അവസാനമായി ടെസ്റ്റ് ഹാട്രിക്ക് നേടിയ ഇന്ത്യൻ ബൗളർ.
2001ൽ ഓസ്ട്രേലിയക്ക് എതിരെ ഹർഭജൻ സിംഗും ഇന്ത്യക്കായി ടെസ്റ്റ് ഹാട്രിക്ക് നേടിയിട്ടുണ്ട്. എട്ടാമത്തെ ഓവറിലെ രണ്ടാമത്തെ പന്തിൽ ഡാരൻ ബ്രാവോയെ ആണ് ബുമ്ര ആദ്യ പുറത്താക്കിയത്. അടുത്ത പന്തിൽ ബ്രൂക്സിനെയും ബുമ്ര പുറത്താക്കി. പിന്നാലെ വന്ന റോസ്റ്റൺ ചെയ്സിനെയും ബുമ്ര എൽ ബി ഡബ്ല്യുവിൽ കുരുക്കി. ഇപ്പോൾ 12 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 18 എന്ന നിലയിലാണ് വെസ്റ്റിൻഡീസ് ഉള്ളത്. നാലു വിക്കറ്റും ബുമ്ര തന്നെയാണ് വീഴ്ത്തിയത്. നേരത്തെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 416 റൺസ് എടുത്തിരുന്നു.