മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് ആയ ബ്രൂണോ ഫെർണാണ്ടസ് തന്റെ പോർച്ചുഗീസ് അത്ഭുതങ്ങൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിലും തുടരുന്നു. ഇന്ന് ലീഗിൽ വാറ്റ്ഫോർഡിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ഏകപക്ഷീയമായ വിജയം തന്നെ നേടി. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇന്നത്തെ വിജയം. ബ്രൂണോയുടെ ഗംഭീര പ്രകടവും ഒപ്പം മാർഷ്യലിന്റെ ക്ലാസ് ഫിനിഷുമാണ് ഇന്ന് യുണൈറ്റഡിന് മൂൻ പോയന്റ് നേടിക്കൊടുത്തത്.
ഇന്ന് തുടക്കം മുതൽ അറ്റാക്ക് ചെയ്ത മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ ഗോൾ നൽകിയത് ബ്രൂണോ തന്നെ ആയിരുന്നു. മത്സരത്തിന്റെ 42ആം മിനുട്ടിൽ ബ്രൂണെ തന്നെ നേടിയ പെനാൾട്ടി ഒട്ടും സമ്മർദ്ദമില്ലാതെ താരം തന്നെ വലയിൽ എത്തിക്കുകയായിരുന്നു. ബ്രൂണോയുടെ മാഞ്ചസ്റ്ററിനായുള്ള ആദ്യ ഗോളാണിത്. രണ്ടാം പകുതിയിൽ ബ്രൂണോയുടെ ഒരു പാസ് തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന് രണ്ടാം ഗോളും നൽകി.
58ആം മിനുട്ടിൽ ബ്രൂണോയുടെ പാസ് സ്വീകരിച്ച് കുതിച്ച മാർഷ്യലിന്റെ കാലിൽ നിന്ന് പിറന്നത് ഒരു ലോകോത്തര ഗോളായിരുന്നു. വാറ്റ്ഫോർഡ് ഗോൾ കീപ്പർ ഫോസ്റ്ററിനെയും അവരുടെ ഡിഫൻഡേഴ്സിനെയും കാഴ്ചക്കാരാക്കി ഒരു അത്ഭുത ഫിനിഷ് തന്നെ മാർഷ്യൽ നടത്തി. പിന്നാലെ ബ്രൂണൊയുടെ തന്നെ പാസിൽ അടുത്ത ഗോളും വന്നു. ഇത്തവണ പാസ് സ്വീകരിച്ച 18കാരൻ ഗ്രീൻവുഡ് ഇടംകാൽ കൊണ്ട് തൊടുത്ത ഷോട്ട് വല കീറിമുറിക്കുന്ന തരത്തിലായിരുന്നു.
ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് എത്തി. 41 പോയന്റാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനുള്ളത്.