ന്യൂസിലാണ്ടിനെതിരെ വെല്ലിംഗ്ടൺ ടെസ്റ്റിൽ മികച്ച സ്കോറിലെത്തി ഇംഗ്ലണ്ട്. മത്സരത്തിന്റെ ആദ്യ ദിവസം തന്നെ ഇംഗ്ലണ്ട് 65 ഓവറിൽ നിന്ന് 315/3 സ്കോറാണ് നേടിയിട്ടുള്ളത്. തുടക്കത്തിൽ ഇംഗ്ലണ്ട് 21/3 എന്ന നിലയിലേക്ക് തകര്‍ന്നുവെങ്കിലും പിന്നീട് ജോ റൂട്ട് – ഹാരി ബ്രൂക്ക് കൂട്ടുകെട്ട് നേടിയ റണ്ണുകള്‍ ഇംഗ്ലണ്ടിനെ തിരികെ ട്രാക്കിലെത്തിച്ചു.
ബ്രൂക്ക് അതിവേഗത്തിൽ സ്കോറിംഗ് നടത്തിയപ്പോള്‍ താരം 107 പന്തിൽ നിന്നാണ് തന്റെ ശതകം പൂര്‍ത്തിയാക്കിയത്. അതിന് ശേഷം അതിവേഗത്തിലാണ് താരം സ്കോറിംഗ് നടത്തിയത്. ബ്രൂക്ക് 169 പന്തിൽ 184 റൺസ് നേടിയപ്പോള്‍ ജോ റൂട്ട് 182 പന്തിൽ 101 റൺസ് നേടി നിൽക്കുകയാണ്. ഇരുവരും 294 റൺസാണ് നാലാം വിക്കറ്റിൽ നേടിയത്. മത്സരം 65 ഓവര്‍ പിന്നിട്ടപ്പോള്‍ മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു.