ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എത്തിയത് വെറുതെ അല്ല എന്ന് ഒരിക്കൽ കൂടെ തെളിയിച്ചിരിക്കുകയാണ് ബ്രെന്റ്ഫോർഡ്. ഇന്ന് അവർ ശക്തരായ ലിവർപൂളിനെയും തടഞ്ഞു. ബ്രെന്റ്ഫോർഡിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 3-3 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്. രണ്ട് തവണ ലീഡ് എടുത്തിട്ടും ലിവർപൂളിന് ഇന്ന് വിജയിക്കാൻ ആയില്ല. ഇന്ന് തുടക്കത്തിൽ ബ്രെന്റ്ഫോർഡാണ് ലീഡ് എടുത്തത്. 27ആം മിനുട്ടിൽ പിന്നോക്കിലൂടെ ആയിരുന്നു ആദ്യ ഗോൾ. ഇതിനെ വളരെ പെട്ടെന്ന് തന്നെ ജോടയിലൂടെ ലിവർപൂൾ സമനില നേടി.
ഹെൻഡേഴ്സന്റെ ക്രോസിൽ നിന്നായിരുന്നു ജോടയുടെ ഹെഡറിലൂടെയുള്ള ഗോൾ. രണ്ടാം പകുതിയുടെ തുടക്കത്തിൽ മൊ സലാ ലിവർപൂളിനെ കളിയിൽ ആദ്യമായി മുന്നിൽ എത്തിച്ചു. സലായുടെ ലിവർപൂളിനായുള്ള നൂറാം പ്രീമിയർ ലീഗ് ഗോളായിരുന്നു ഇത്. 63ആം മിനുട്ടിൽ ജാനെൽറ്റിലൂടെ ബ്രെന്റ്ഫോർഡ് സമനില പിടിച്ചു. 67ആം മിനുട്ടിൽ യുവതാരം കർടിസ് ജോൺസ് ലിവർപൂളിനെ വീണ്ടും മുന്നിൽ എത്തിച്ചു. സ്കോർ 3-2.
അവിടെയും ബ്രെന്റ്ഫോർഡ് തളർന്നില്ല. 82ആം മിനുട്ടിൽ വിസ്സ ബ്രെന്റ്ഫോർഡിന്റെ മൂന്നാം ഗോൾ നേടി. ഇതിനു ശേഷം ലിവർപൂൾ വിജയ ഗോളിനായി ശ്രമിച്ചു എങ്കിലും നടന്നില്ല. ഈ സമനില ലിവർപൂളിനെ 14 പോയിന്റുമായി ഒന്നാം സ്ഥാനത്ത് എത്തിച്ചു. ബ്രെന്റ്ഫോർഡ് 9 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്.