ഒരു ബ്രസീലിയൻ അത്ഭുത താരത്തെ കൂടെ റയൽ മാഡ്രിഡ് സ്വന്തമാക്കുന്നു

ബ്രസീലിയൻ യുവതാരങ്ങളെ സ്വന്തമാക്കുന്നതിൽ റയൽ മാഡ്രിഡിനുള്ള മികവ് വിനീഷ്യസിന്റെയും റോഡ്രിഗോയുടെയും സൈനിംഗിലൂടെ ഫുട്ബോൾ ലോകം അറിഞ്ഞതാണ്‌. ഇപ്പോൾ ഒരു ബ്രസീലിയൻ യുവതാരത്തെ കൂടെ റയൽ മാഡ്രിഡ് സ്വന്തമാക്കിയിരിക്കുകയാണ്‌. 18കാരനായ വിനീഷ്യസ് തോബിയാസ് ആണ് റയൽ മാഡ്രിഡുമായി കരാറിൽ എത്തിയിരിക്കുന്നത്‌. ഉക്രൈൻ ക്ലബായ ശക്തറിൽ ആയിരുന്നു താരം. ഉക്രൈനിൽ യുദ്ധം ആയതിനാൽ ഉക്രൈൻ ക്ലബിലെ താരങ്ങളെ ട്രാൻസ്ഫർ വിൻഡോയുടെ വിധിവിലക്കുകൾ ഇല്ലാതെ തന്നെ സൈൻ ചെയ്യാം എന്ന ഇളവ് മുതലെടുത്താണ് റയലിന്റെ സൈനിംഗ്.

അടുത്ത സീസൺ അവസാനം വരെ താരം ലോണിൽ ആകും റയലിനൊപ്പം ഉണ്ടാവുക. അതിനു ശേഷം റയൽ മാഡ്രിഡ് സ്ഥിരകരാറിൽ താരത്തെ സൈൻ ചെയ്യും. ഇപ്പോൾ റയലിന്റെ റിസേർവ്സ് ടീമിൽ ആകും തൊബിയാസ് കളിക്കുക. അടുത്ത സീസണിൽ മാത്രമേ സീനിയർ അരങ്ങേറ്റം മാഡ്രിഡിൽ നടത്തുകയുള്ളൂ‌. ബ്രസീലിയൻ ക്ലബായ ഇന്റർനാഷണലിൽ നിന്നായിരുന്നു തൊബിയസ് ശക്തറിൽ എത്തിയത്‌. എന്നാൽ ഉക്രൈനിലെ സാഹചര്യങ്ങൾ കാരണം താരത്തിന് അവിടെ അരങ്ങേറ്റം നടത്താൻ ആയില്ല.