ലോകകപ്പ് പ്രീക്വാർട്ടറിൽ ബ്രസീൽ അനായാസ വിജയത്തോടെ ക്വാർട്ടറിലേക്ക് മുന്നേറി. ഇന്ന് ദക്ഷിണ കൊറിയയെ നേരിട്ട ബ്രസീൽ ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയമാണ് നേടിയത്. ഇന്ന് ആദ്യ പകുതി കഴിയുമ്പോൾ തന്നെ ബ്രസീൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു. ഇതോടെ ലോകകപ്പിൽ അവശേഷിക്കുന്ന അവസാന ഏഷ്യൻ ടീമും പുറത്തായി.
മത്സരം ആരംഭിച്ച് ഏഴാം മിനുട്ടിൽ തന്നെ ബ്രസീൽ ലീഡ് എടുത്തു. വലതു വിങ്ങിലൂടെ വന്ന അറ്റാക്ക് റഫീഞ്ഞയിലൂടെ ബാക്ക് പോസ്റ്റിൽ മാർക്ക് ചെയ്യാതെ നിന്ന വിനീഷ്യസിൽ എത്തി. കിനീഷ്യസ് ഗോൾ കീപ്പർക്ക് മുകളിലൂടെ പന്ത് വലയിൽ എത്തിച്ചു. ഇത് ഒരു തുടക്കം മാത്രമായിരുന്നു.
13ആം മിനുട്ടിൽ ബ്രസീലിന് അനുകൂലമായി ഒരു പെനാൾട്ടി. റിച്ചാർലിസൺ നേടിയ പെനാൾട്ടി നെയ്മർ വലയിൽ എത്തിച്ചു. സ്കോർ 2-0. നെയ്മറിന്റെ ഈ ലോകകപ്പിലെ ആദ്യ ഗോൾ.
അടുത്ത ഗോൾ 29ആം മിനുട്ടിൽ. ഇത്തവണ റിച്ചാർലിസൺ ആണ് സ്കോറർ. ഈ ലോകകപ്പ് കണ്ട് മികച്ച ടീം ഗോളുകളിൽ ഒന്നായിരുന്നു ഇത്. റിച്ചാർലിസന്റെ ജഗ്ലിങിൽ തുടങ്ങിയ നീക്കം വൺ ടച്ച് നീക്കങ്ങൾക്ക് ഒടുവിൽ റിച്ചാർലിസണിലൂടെ തന്നെ വലയിൽ. അസിസ്റ്റ് തിയാഗോ സില്വക്കും. സ്കോർ 3-0.
ബ്രസീൽ ദയ കാണിച്ചില്ല. അവർ അടി തുടർന്നു. 36ആം മിനുട്ടിൽ വിനിഷ്വസിന്റെ പാസ് പെനാൾട്ടി ബോക്സിലേക്ക് പാഞ്ഞെത്തിയ പക്വേറ്റയുടെ ബൂട്ടുകളുടെ പ്രഹരം ഏറ്റുവാങ്ങി വലയിൽ. സ്കോർ 4-0.
രണ്ടാം പകുതിയിൽ ബ്രസീൽ ആദ്യ പകുതിയുടെ വേഗതയിൽ കളിച്ചില്ല. അഭിമാനം കാക്കാനായി കൊറിയ കിണഞ്ഞു പരിശ്രമിച്ചു. അവർ അലിസണെ പലപ്പോഴായി പരീക്ഷിച്ചു. 76ആം മിനുട്ടിൽ പർക് സുങ് ഹൂയുടെ ഒരു ലോംഗ് റേഞ്ചർ കൊറിയയുടെ ആശ്വാസം ഗോളായി മാറി. പരാജയം ഭാരം കുറക്കാനും ഇത് കൊണ്ടായി.
ഇനി ക്വാർട്ടറിൽ ബ്രസീൽ ക്രൊയേഷ്യയെ നേരിടും. ഇന്ന് ജപ്പാനെ തോൽപ്പിച്ച് ആണ് ക്രൊയേഷ്യ ക്വാർട്ടറിൽ എത്തിയത്