ബ്രസീൽ വനിതകൾക്ക് എതിരെ ഇന്ന് വലിയ മത്സരത്തിന് ഇറങ്ങിയ ഇന്ത്യക്ക് പരാജയം. 6-1 എന്ന വലിയ സ്കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ലോകറാങ്കിംഗിൽ ഒരുപാട് മുമ്പ് ഉള്ള ബ്രസീലിന് എതിരെ ഫിറ്റ്നസ് ആണ് ഇന്ത്യൻ കളിക്കാർക്ക് പ്രശ്നമായത്. ആദ്യ പകുതിയിൽ ബ്രസീലിന് വലിയ വെല്ലുവിളി ഉയർത്താൻ ഇന്ത്യക്ക് ആയിരുന്നു. 2-1 എന്നായിരുന്നു ആദ്യ പകുതിയിലെ സ്കോർ. പക്ഷെ രണ്ടാം പകുതിയിൽ ഇന്ത്യൻ കളിക്കാർ തളർന്നതോടെ ബ്രസീൽ ഗോളുകൾ അടിച്ചു കൂട്ടി.
ഇന്ന് മത്സരം ആരംഭിച്ച് ഒന്നാം മിനുട്ടിൽ തന്നെ ബ്രസീൽ ഗോളടിച്ചു. ഡെബോര ഒലിവിയേര ആയിരുന്നു ബ്രസീലിന് തുടക്കത്തിൽ തന്നെ ലീഡ് നൽകിയത്. ഈ ഗോളിന് എട്ടാം മിനുട്ടിൽ മറുപടി നൽകി കൊണ്ട് ഇന്ത്യ ബ്രസീലിനെ ഞെട്ടിച്ചു. മനീഷയാണ് തന്റെ വ്യക്തിഗത മികവു കൊണ്ട് ബ്രസീൽ വലയിൽ പന്ത് എത്തിച്ചത്. ഇതായിരുന്നു ഇന്ത്യയുടെ കളിയിലെ ഏറ്റവും സന്തോഷമാർന്ന നിമിഷം. പിന്നീട് 36ആം മിനുട്ട് വരെ സ്കോർ 1-1 എന്ന് തുടർന്നു.
36ആം മിനുട്ടിൽ ജിയോവന കോസ്റ്റ ബ്രസീലിനെ വീണ്ടും ലീഡിൽ എത്തിച്ചു. രണ്ടാം പകുതിയിൽ പൂർണ്ണമായും കളി ബ്രസീലിന്റെ കാലിലായി. 52ആം മിനുട്ടിൽ ബോർഗസും 54ആം മിനുട്ടിൽ ഫെറാസും ഗോൾ നേടിയതോടെ ഹോം ടീം 4-1ന് മുന്നിലായി. പിന്നീട് ഫെറാരിയയും ബോർഗസും ചേർന്ന് ഗോൾപട്ടിക പൂർത്തിയാക്കുകയും ചെയ്തു.