അണ്ടർ 17 ലോകകപ്പിൽ ബ്രസീൽ ഫൈനലിൽ. ഇന്ന് നടന്ന സെമി ഫൈനലിൽ ഒരു വമ്പൻ തിരിച്ചുവരവ് തന്നെ നടത്തിയാണ് ബ്രസീൽ ഫൈനലിലേക്ക് കടന്നത്. സെമിയിൽ കരുത്തരായ ഫ്രാൻസിനെ നേരിട്ട ബ്രസീൽ ആദ്യ പകുതിയിൽ രണ്ടു ഗോളുകൾക്ക് പിറകിലായിരുന്നു. കലിമുവെണ്ടൊ, എംബുകു എന്നിവർ നേടിയ ഗോളിനാണ് കളിയുടെ തുടക്കത്തിൽ ഫ്രാൻസ് മുന്നിൽ എത്തിയത്.
എന്നാൽ രണ്ടാം പകുതിയിൽ തകർപ്പൻ തിരിച്ചുവരവ് നടത്തിക്കൊണ്ട് 3-2ന്റെ വിജയം സ്വന്തമക്കാൻ ബ്രസീലിനായി. 62ആം മിനുട്ടിൽ ജോർഗെ ആണ് ബ്രസീലിന് പ്രതീക്ഷ നൽകിയ ആദ്യ ഗോൾ നേടിയത്. പിന്നാലെ 76ആം മിനുട്ടിൽ വെറോൺ സമനില ഗോളും നേടി. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ലസാരൊ ആണ് ബ്രസീലിന്റെ വിജയ ഗോൾ നേടിയത്.
സ്വന്തം നാട്ടിലെ കാണികളുടെ വലിയ പിന്തുണയും ഇന്ന് ബ്രസീലിന് തുണയായി. ഫൈനലിൽ മെക്സിക്കോയെ ആകും ബ്രസീൽ നേരിടുക.