ബ്രസീൽ ടീമിൽ ഒരു ജോലിയും ഇല്ലാത്ത താരം ആരാണെന്ന് ചോദിച്ചാൽ അത് അലിസണ് ആണെന്ന് പറയേണ്ടി വരും. ബ്രസീൽ ഗോൾ കീപ്പർ ഈ ലോകകപ്പിൽ ഇതുവരെ ഒരു ഷോട്ട് പോലും സേവ് ചെയ്യേണ്ടി വന്നില്ല. ബ്രസീലിന് എതിരെ ടാർഗറ്റിലേക്ക് ഒരു ഷോട്ട് പോലും ഈ ലോകകപ്പിൽ വന്നിട്ടില്ല. ആദ്യ മത്സരത്തിൽ സെർബിയക്കും ഈ മത്സരത്തിൽ സ്വിറ്റ്സർലാന്റിനും അലിസണെ പരീക്ഷിക്കാനോ പേരിനെങ്കിലും ഒരു ഷോട്ട് ടാർഗറ്റിലേക്ക് അടിക്കാനോ ആയില്ല.
ഈ മികവിനുള്ള പ്രധാന കാരണക്കാർ ബ്രസീലിന്റെ സെന്റർ ബാക്കിലെ വിശ്വസ്ത കൂട്ടുകെട്ടാണ്. പരിചയസമ്പത്ത് ഏറെയുള്ള തിയാഗോ സിൽവയും മാർക്കിനോസും ഒരാളെയും ബ്രസീൽ പെനാൾട്ടി ബോക്സിന് നേരെ അടുക്കാൻ വിടുന്നില്ല. ഒപ്പം ഡിഫൻസീവ് മിഡിൽ കളിക്കുന്ന കസെമിറോയും ബ്രസീലിന് എതിരായ അറ്റാക്കുകൾ തടയുന്നതിന് വലിയ പങ്കുവഹിക്കുന്നു.
ലെഫ്റ്റ് ബാക്കായ അലക്സ് സാൻട്രോ ആദ്യ മത്സരത്തിൽ റൈറ്റ് ബാക്കായ ഡനിലോ ഇന്നത്തെ റൈറ്റ് ബാക്ക് മിലിറ്റാവോ ഇവരാരും ഒരു ചുവട് പോലും പിഴക്കാതെ ഇതുവരെ നോക്കിയിട്ടുണ്ട്. ബ്രസീൽ ഇതുവരെ ഈ ലോകകപ്പിൽ 11 ഷോട്ടുകൾ ആണ് നേരിട്ടത്. ഒന്ന് പോലും ഗോളിന് അടുത്ത് പോലും എത്തിയില്ല. ഈ ലോകകപ്പിൽ മുന്നോട്ട് പോകുമ്പോഴും ഈ ഡിഫൻസ് ബ്രസീലിന് വലിയ കരുത്താകും.