സൗഹൃദ മത്സരത്തിൽ നെയ്മറും റീചാർളിസണും കളം നിറഞ്ഞു കളിച്ചപ്പോൾ ബ്രസീലിനു മികച്ച ജയം. എൽ സാൽവഡോറിനെയാണ് ബ്രസീൽ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചത്. മത്സരത്തിൽ റീചാർളിസൺ ഇരട്ട ഗോൾ നേടുകയും സൂപ്പർ താരം നെയ്മർ ഒരു ഗോളും രണ്ടു അസിസ്റ്റുകളും തന്റെ പേരിൽ സ്വന്തമാക്കി. ഗോൾ പോസ്റ്റിൽ നെറ്റോക്ക് അവസരം നൽകിയാണ് ബ്രസീൽ മത്സരം തുടങ്ങിയത്. നെറ്റോയുടെ ബ്രസീലിനു വേണ്ടിയുള്ള ആദ്യ മത്സരം കൂടിയായിരുന്നു. ബ്രസീലിന്റെ കഴിഞ്ഞ 24 മത്സരത്തിലും ടീമിൽ ഇടം നേടിയെങ്കിലും കളിയ്ക്കാൻ നെറ്റോക്ക് അവസരം ലഭിച്ചിരുന്നില്ല.
പെനാൽറ്റിയിലൂടെ നെയ്മറാണ് ബ്രസീലിന്റെ ഗോളടി തുടങ്ങിയത്. തുടർന്ന് ബ്രസീൽ ജേഴ്‌സിയിൽ ആദ്യമായി മത്സരം തുടങ്ങിയ റീചാർളിസൺ അധികം താമസിയാതെ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ കൂട്ടീഞ്ഞോ ബ്രസീലിന്റെ ലീഡ് മൂന്നാക്കി. തുടർന്ന് രണ്ടാം പകുതിയിലാണ് റീചാർളിസൺ തന്റെ രണ്ടാമത്തെ ഗോൾ നേടിയത്. മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ മാർക്വിഞ്ഞോസ് അഞ്ചാമത്തെ ഗോളും നേടിയ വിജയം രാജകീയമാക്കി.
ഒക്ടോബർ 16ന് അർജന്റീനക്കെതിരെ റിയാദിൽ വെച്ചാണ് ബ്രസീലിന്റെ അടുത്ത മത്സരം.