കോപ്പ അമേരിക്കയിൽ തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ബ്രസീലിനെതിരെ അർജന്റീനക്ക് തോൽവി. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ വിജയം. ബ്രസീലിന് വേണ്ടി ജെസൂസും റോബർട്ടോ ഫിർമിനോയുമാണ് ഗോളുകൾ നേടിയത്. അർജന്റീനയുടെ രണ്ട് ശ്രമങ്ങൾ പോസ്റ്റിൽ തട്ടി തെറിച്ചതും അവർക്ക് തിരിച്ചടിയായി. കിട്ടിയ അവസരങ്ങൾ സമർത്ഥമായി ഉപയോഗിച്ചതാണ് മത്സരത്തിൽ ബ്രസീലിന് ജയം നൽകിയത്. ഫൈനൽ കാണാതെ പുറത്തായതോടെ ഒരു കിരീടത്തിനായുള്ള അർജന്റീനയുടെയും മെസ്സിയുടെയും കാത്തിരിപ്പ് തുടരും.
ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ ആദ്യ പകുതിയിൽ അർജന്റീന പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ജെസൂസ് ആണ് ഗോൾ നേടിയത്. വലതു ഭാഗത്ത് നിന്ന് ഫിർമിനോ നൽകിയ പന്ത് പോസ്റ്റിലേക്ക് തട്ടിയിടേണ്ട ആവശ്യം മാത്രമേ ജെസൂസിന് ഉണ്ടായിരുന്നുള്ളു. ഗോൾ വഴങ്ങിയെങ്കിലും ഉണർന്ന് കളിച്ച അർജന്റീന അഗ്വേറൊയിലൂടെ ഗോളിന് എത്തിയെങ്കിലും താരത്തിന്റെ ഹെഡർ ബാറിൽ തട്ടി തെറിച്ചു.
രണ്ടാം പകുതിയിൽ ഗോൾ മടക്കാൻ ഉറച്ചു തന്നെയാണ് അർജന്റീന ഇറങ്ങിയത്. മെസ്സിയിലൂടെ അർജന്റീന ഗോളിന് അടുത്തെത്തിയെങ്കിലും ഇത്തവണയും പോസ്റ്റ് അർജന്റീനയുടെ വില്ലനായി. തുടർന്നാണ് ബ്രസീൽ അർജന്റീനയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തിയ രണ്ടാമത്തെ ഗോൾ നേടിയത്. ഇത്തവണ ജെസൂസിന്റെ പാസിൽ നിന്ന് ഫിർമിനോയാണ് ഗോൾ നേടിയത്. ഫൈനലിൽ ബ്രസീൽ പെറു – ചിലി മത്സരത്തിലെ വിജയികളെ നേരിടും.