ബ്രസീൽ ബെൽജിയത്തോട് തോറ്റതോടെ അവസാന ലോകകപ്പുകളിൽ ബ്രസീൽ യൂറോപ്പ്യൻ ടീമുകൾക്കെതിരെ തുടരുന്ന മോശം റെക്കോർഡ് തുടരുന്നതാണ് കണ്ടത്. 2002ൽ ലോകകപ്പ് വിജയിച്ചതിന് ശേഷം ഇങ്ങോട്ട് നാലു ലോകകപ്പുകളിലും ബ്രസീൽ തോറ്റ് പുറത്തായത് യൂറോപ്യൻ എതിരാളികളോടായിരുന്നു. ശരിക്ക് കണക്കു നോക്കിയാൽ 2002ന് ശേഷം നോക്കൗട്ടിൽ യൂറോപ്പിലെ എതിരാളികൾക്കെതിരെ ഒരു ജയം പോലും ബ്രസീലിന് ഇല്ല.
2006ൽ പ്രീക്വാർട്ടറിൽ ആഫ്രിക്കൻ ടീമായ ഘാന ആയിരുന്നു എതിരാളികൾ. അതു വിജയിച്ച് ക്വാർട്ടറിൽ ഫ്രാൻസ് എതിരാളികളായി എത്തിയപ്പോൾ 1-0ന്റെ പരാജയം ഏറ്റുവാങ്ങി ബ്രസീൽ മടങ്ങി. 2010ൽ പ്രീക്വാർട്ടറിൽ ലാറ്റിനമേരിക്കൻ ടീമായ ചിലിയെ തോൽപ്പിച്ചു എങ്കിലും വീണ്ടു ക്വാർട്ടറിൽ യൂറോപ്പിന് മുന്നിൽ വീണു. ഹോളണ്ട് ആയിരുന്നു അന്ന് ബ്രസീലിനെ തോൽപ്പിച്ചത്. സ്കോർ 2-1.
2014 ലോകകപ്പിൽ പ്രീക്വാർട്ടറിലും ക്വാർട്ടറിലും ബ്രസീലിന് ലാറ്റിനമേരിക്കൻ എതിരാളികൾ ആയിരുന്നു. രണ്ടും ബ്രസീൽ മറികടന്നു. പക്ഷെ സെമിയിൽ യൂറോപ്യൻ ടീമായ ജർമ്മനി. അതിന്റെ ഫലം ദുരന്തമായിരുന്നു. സ്വന്തം നാട്ടിൽ 7-1ന്റെ തോൽവി. ഈ ലോകകപ്പിലും കഥ മാറിയില്ല. പ്രീക്വാർട്ടറിൽ കോൺകകാഫ് ടീമായ മെക്സിക്കോയെ മറികടന്ന ബ്രസീൽ ക്വാർട്ടറിൽ യൂറോപ്പിന് മുന്നിൽ തന്നെ വീണു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial