വിക്ടോറിയ സ്റ്റേറ്റിൽ കൂടിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഡിസംബർ 26ന് മെൽബണിൽ വെച്ച് നടക്കേണ്ട ഇന്ത്യക്കെതിരായ ഓസ്ട്രേലിയയുടെ ബോക്സിങ് ഡേ ടെസ്റ്റ് മത്സരം മറ്റൊരു വേദിയിലേക്ക് മാറ്റാൻ ശ്രമം. പുതിയ വേദി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിക്കുകയാണെങ്കിൽ അഡ്ലെയ്ഡിനാവും കൂടുതൽ സാധ്യത.
ഈ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന്റെ ഭാഗമായി ക്രിക്കറ്റ് ഓസ്ട്രേലിയ ചെയർമാൻ ഏൾ എഡിങ്‌സ് ക്രിക്കറ്റ് ക്യാബിനറ്റിന്റെ മീറ്റിങ് വിളിച്ചികൂട്ടിയിട്ടുണ്ട്. നിലവിൽ ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ കോവിഡ് വൈറസ് ബാധിതരുള്ള സ്ഥലമാണ് വിക്ടോറിയ. നിലവിൽ 13000 കോവിദഃ കേസുകൾ വിക്ടോറിയയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഡിസംബർ 3ന് തുടങ്ങുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ നാല് ടെസ്റ്റ് മത്സരങ്ങളാണ് ഓസ്‌ട്രേലിയക്കെതിരെ കളിക്കുന്നത്. ബ്രിസ്ബെയ്നിൽ വെച്ചാണ് ആദ്യ ടെസ്റ്റ്. അഡ്ലെയ്ഡിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് ഡേ നൈറ്റ് മത്സരം ആവുമെന്നും നേരത്തെ തീരുമാനിച്ചിരുന്നു. മൂന്നാം ടെസ്റ്റ് മെൽബണിൽ വെച്ചും നാലാം ടെസ്റ്റ് സിഡ്‌നിയിൽ വെച്ചും നടത്താനാണ് ക്രിക്കറ്റ് ഓസ്ട്രേലിയ നേരത്തെ തീരുമാനിച്ചത്. പരമ്പരയിലെ വേദികളിൽ മാറ്റത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയിരുന്നു.