തരം താഴ്ത്തൽ നേരിട്ട് ഒരു വർഷത്തിനുള്ളിൽ തന്നെ പ്രീമിയർ ലീഗിലേക്ക് തിരികെയെത്തി എ.എഫ്.സി ബോർൺമൗത്ത്. ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം ഉറപ്പിച്ചാണ് ബോർൺമൗത്ത് പ്രീമിയർ ലീഗിലേക്ക് വീണ്ടും യോഗ്യത നേടിയത്. മൂന്നാം സ്ഥാനക്കാർ ആയ നോട്ടിങ്ങാം ഫോറസ്റ്റിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് സ്കോട്ട് പാർക്കറിന്റെ ടീം പ്രീമിയർ ലീഗിലേക്കുള്ള മടങ്ങി വരവ് ഉറപ്പിച്ചത്.
വാശിയേറിയ പോരാട്ടം കണ്ട മത്സരത്തിൽ ഫോറസ്റ്റിനെ 83 മത്തെ മിനിറ്റിൽ കിഫർ മൂറിന്റെ ഗോളിൽ ആണ് ബോർൺമൗത്ത് മറികടന്നത്. ഫിലിപ്പ് ബില്ലിങിന്റെ പാസിൽ നിന്നായിരുന്നു താരത്തിന്റെ നിർണായക ഗോൾ. ജയത്തോടെ 45 മത്സരങ്ങളിൽ നിന്നു 85 പോയിന്റുകൾ ഉള്ള ബോർൺമൗത്ത് ചാമ്പ്യന്മാരായ ഫുൾഹാമിനു പിറകിൽ രണ്ടാം സ്ഥാനം ഉറപ്പിക്കുക ആയിരുന്നു. പ്രീമിയർ ലീഗിലേക്ക് യോഗ്യത നേടുന്ന മൂന്നാമത്തെ ടീമിനെ മൂന്നു മുതൽ ആറു വരെ സ്ഥാനത്ത് ഉള്ളവരിൽ നിന്നു പ്ലെ ഓഫ് വഴി പിന്നീട് തീരുമാനിക്കും.