ആസാം സ്വദേശിയായ യുവ പ്രതിഭ ബാവോറിങ്ഡാവോ ബോഡോ ഇനി കേരളത്തിന്റെ സ്വന്തം ക്ലബായ ഗോകുലം കേരള എഫ് സിയിൽ കളിക്കും. ഐ എസ് എൽ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സിയിൽ നിന്ന് വായ്പാടിസ്ഥാനത്തിൽ ആണ് താരം ഗോകുലത്തിലേക്ക് എത്തുന്നത്. 18കാരനായ ബോഡോ മുമ്പ് മിനേർവ പഞ്ചാബിലും വായ്പാടിസ്ഥാനത്തിൽ ഐ ലീഗിൽ കളിച്ചിട്ടുണ്ട്. മിനേർവയിൽ കളിച്ച സീസണിൽ മുംബൈ എഫ് സിക്കെതിരെ നേടിയ ഗോൾ ഐലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോററാക്കി ബോഡോയെ മാറ്റിയിരുന്നു.
അന്ന് ഗോൾ അടിക്കുമ്പോൾ 17 വയസ്സും മൂന്ന് മാസവും മാത്രമായിരുന്നു ബോഡോയുടെ പ്രായം. കഴിഞ്ഞ സീസണിൽ ചെന്നൈയിനൊപ്പം ഐ എസ് എല്ലിൽ ബോഡോ അരങ്ങേറ്റം നടത്തി. ചെന്നൈയിൻ ക്ലബിനായി ഐ എസ് എല്ലിൽ അരങ്ങേറ്റം നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡും ബോഡോയുടെ പേരിലാണ്. വിങ്ങറായും ഫോർവേഡായും കളിക്കാൻ കഴിവുള്ള താരമാണ്.
എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. ഇപ്പോൾ ഇന്ത്യയുടെ അണ്ടർ 19 ടീമിന്റെ ഭാഗവുമാണ് ബോഡോ.