ഐ എസ് എൽ സീസൺ തുടങ്ങാൻ ഇനി കുറച്ചു ദിവസങ്ങൾ മാത്രമെ ഉള്ളൂ. തീർത്തും പുതിയ ടീമും പുതിയ ഒഫീഷ്യൽസുമാണ് കേരള ബ്ലാസ്റ്റേഴ്സ് നിറയെ ഇപ്പോൾ ഉള്ളത്. കുറച്ച് യുവതാരങ്ങളും ഇഷ്ഫാഖ് അഹമ്മദും സിഡോഞ്ചയും ഒഴിച്ചാൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പരിചിതമായ മുഖങ്ങൾ കുറവാണ്. കഴിഞ്ഞ സീസണു ശേഷം കേരള ബ്ലാസ്റ്റേഴ്സ് വിട്ടു പോയ താരങ്ങളുടെ കൂട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ അവസാന കുറേ കാലമായി നയിച്ചിരുന്ന ജിങ്കനും കഴിഞ്ഞ സീസണിലെ ക്യാപ്റ്റൻ ഒഗ്ബെചെയും ഉണ്ടായിരുന്നു.
ഈ താരങ്ങൾക്ക് ഒക്കെ പകരക്കാരെ കേരള ബ്ലാസ്റ്റേഴ്സ് കണ്ടെത്തി കഴിഞ്ഞു. ഇനി ആര് അവർ വഹിച്ച നായക സ്ഥാനം ഏറ്റെടുക്കും എന്നേ അറിയേണ്ടതുള്ളൂ. ഇന്ത്യൻ യുവതാരങ്ങൾ എല്ലാം യുവ താരങ്ങളാണ് എന്നിരിക്കെ കിബു വികൂന ഒരു ഇന്ത്യൻ താരത്തിന് ക്യാപ്റ്റൻ ആം ബാൻഡ് നൽകാൻ സാധ്യതയില്ല. പിന്നെ ആര് എന്ന ചോദ്യത്തിന് മൂന്ന് പേരുകളാണ് മുന്നിൽ വരുന്നത്. വിസെന്റെ ഗോമസ്, കോസ്റ്റ, ഗാരി ഹൂപ്പർ.
പരിചയ സമ്പത്തും മുമ്പ് നായകനായി പരിചയവുമുള്ള താരമാണ് കോസ്റ്റ. ചെക് റിപബ്ലിക്ക് ക്ലബായ സ്പാർട പ്രാഗെയ്ക്ക് കളിക്കുമ്പോ അവരുടെ ക്യാപ്റ്റനായിരുന്നു കോസ്റ്റ. അന്ന് സ്പാർടയുടെ ക്യാപ്റ്റനാകുന്ന ആദ്യ ആഫ്രിക്കൻ താരമായിരുന്നു കോസ്റ്റ. ഗാരി ഹൂപ്പറിനും പരിചയ സമ്പത്ത് ഒട്ടും കുറവല്ല. ഭാഷാ പരിചയവും ഗാരി ഹൂപ്പറിനെ ക്യാപ്റ്റൻസിക്കായി പരിഗണിക്കാൻ മുൻതൂക്കം നൽകുന്ന ഘടകമാണ്.
ലാലിഗയിൽ ഏറെ കാലം കളിച്ചിട്ടുള്ള താരമായ വിസെന്റെ ഗോമസിനെ ആകും കിബു വികൂന ക്യാപ്റ്റനായി പരിഗണിക്കുക എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്പാനിഷ് ബന്ധമാണ് ഈ വാർത്തകൾക്ക് പിറകിൽ. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്നു എന്നതിനാൽ സിഡോഞ്ചയെയും ക്യാപ്റ്റൻസിക്കായി പരിഗണിച്ചേക്കാം. എന്തായാലും ഉടൻ തന്നെ കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ക്യാപ്റ്റൻ ആരാകും എന്ന് പ്രഖ്യാപിക്കും. 20ആം തീയതി ഐ എസ് എല്ലിന്റെ ആദ്യ ദിവസം തന്നെ കേരള ബ്ലാസ്റ്റേഴ്സ് കളത്തിൽ ഇറങ്ങുന്നുണ്ട്.