ഐ എസ് എൽ പുതിയ സീസണ് ഇന്ന് ഗോവയിൽ തുടക്കമാകും. കൊറോണ കാരണം ഒരുപാട് നിയന്ത്രണങ്ങൾ ഉള്ള ബയോ ബബിളിനകത്ത് നടക്കുന്ന ഐ എസ് എൽ ഉദ്ഘാടന മത്സരത്തിൽ മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ് നിലവിലെ ഐ എസ് എൽ ചാമ്പ്യന്മാർ കൂടിയായ എ ടി കെ മോഹൻ ബഗാനെ ആകും ഇന്ന് നേരിടുക. കഴിഞ്ഞ സീസണിൽ ചാമ്പ്യന്മാർ ആയിരുന്നു എങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ രണ്ട് തവണ പരാജയപ്പെടാൻ ആയിരുന്നു എ ടി കെയുടെ വിധി. അതുകൊണ്ട് തന്നെ എത്ര വലിയ സ്ക്വാഡ് ഉണ്ടെന്ന് പറഞ്ഞാൽ ഹബാസ് ഇന്ന് കരുതലോടെ മാത്രമെ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കുകയുള്ളൂ.
കിബു വികൂന പരിശീലകൻ ആയി എത്തിയ ശേഷമുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരമാണ് ഇന്ന് നടക്കാൻ പോകുന്നത്. കഴിഞ്ഞ തവണ മോഹൻ ബഗാനെ ഐ ലീഗ് ചാമ്പ്യനാക്കിയ കോച്ചാണ് ഇന്ന് അവർക്ക് എതിരെ ഇറങ്ങുന്നത്. കിബു വികൂനയുടെ മനോഹര ശൈലി കേരള ബ്ലാസ്റ്റേഴ്സിലും കാണാൻ കഴിയും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. എന്നാൽ ആദ്യ മത്സരമാണെന്നും ഇത് ആദ്യ ചുവടായി കണ്ടാൽ മതി എന്നുമാണ് വികൂന പറയുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ ടീം എന്തായിരിക്കും എന്നത് പ്രവചനാതീതമാണ്. ഗോൾ കീപ്പർ സ്ഥാനത്ത് ആര് ഇറങ്ങും എന്ന് കോച്ച് വ്യക്തമാക്കിയിട്ടില്ല. ആൽബിനോ ഗോമസോ ബിലാലോ ആകും വലകാക്കുക. ഡിഫൻസിൽ കോനെ, കോസ്റ്റ, നിശു കുമാർ, ജെസ്സൽ എന്നിവർ ഇറങ്ങും എന്നത് മാത്രമാണ് ഉറപ്പ് പറയാൻ കഴിയുന്ന കാര്യം. ബാക്കി എല്ലാ പൊസിഷനും താരങ്ങളുടെ ഫിറ്റ്നെസ് കൂടെ കണക്കിലെടുത്താകും തീരുമാനിക്കുക.
മോഹൻ ബഗാൻ നിരയിൽ മുൻ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജിങ്കൻ ഇന്ന് ഉണ്ടാകും. ജിങ്കൻ ഒരു സീസണ് ശേഷമാണ് ഫുട്ബോൾ കളത്തിൽ തിരികെ എത്തുന്നത്. പ്രീസീസൺ മത്സരങ്ങൾ കളിക്കാത്തതിനാൽ മോഹൻ ബഗാൻ താരങ്ങളുടെ ഫിറ്റ്നെസ് പ്രശ്നമായേക്കും. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക. മത്സരം സ്റ്റാർ നെറ്റ്ർക്കിൽ തത്സമയം കാണാം.