വെടിക്കെട്ട് പ്രകടനവുമായി ജിഷ്ണുവും കൂട്ടരും , ബൈനറി അവഞ്ചേഴ്സിന് വമ്പന്‍ വിജയം

Sports Correspondent

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി ബൈനറി അവഞ്ചേഴ്സ്. ഈ പ്രകടനത്തിന്റെ ബലത്തില്‍ സൂന്‍ഡിയയ്ക്കെതിരെ 57 റണ്‍സ് വിജയമാണ് ഇന്ന് ടീം സ്വന്തമാക്കിയത്.

സൂന്‍ഡിയയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ബൈനറി 8 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 115 എന്ന പടുകൂറ്റന്‍ സ്കോറാണ് നേടിയത്. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ അക്ഷയ് രാജീവിനെ നഷ്ടമായ ടീം പിന്നീട് മികച്ച ബാറ്റിംഗ് വിരുന്നാണ് ഒരുക്കിയത്. രണ്ടാം വിക്കറ്റില്‍ അലക്സും ജിഷ്ണുവും ചേര്‍ന്ന് നേടിയ 59 റണ്‍സ് കൂട്ടുകെട്ടിന്റെ ചുവട് പിടിച്ച് മറ്റു ബാറ്റ്സ്മാന്മാരും മികവ് പുലര്‍ത്തിയപ്പോള്‍ ടീം ടൂര്‍ണ്ണമെന്റിന്റെ ഈ സീസണിലെ തന്നെ വലിയ സ്കോറിലൊന്നിലേക്ക് എത്തുകയായിരുന്നു.

ജിഷ്ണു 20 പന്തില്‍ നിന്ന് 46 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ അലക്സ് 13 പന്തില്‍ 26 റണ്‍സ് നേടി. അലക്സിന്റെ വിക്കറ്റ് നഷ്ടമായ ശേഷം ജിഷ്ണുവിന് കൂട്ടായി എത്തിയ കൃഷ്ണാനന്ദ് 7 പന്തില്‍ നിന്ന് മൂന്ന് സിക്സുകളുടെ സഹായത്തോടെ 20 റണ്‍സാണ് നേടിയത്. ടോണി പോള്‍ 7 പന്തില്‍ നിന്ന് 14 റണ്‍സ് നേടി. തങ്ങളുടെ ഇന്നിംഗ്സില്‍ ബൈനറി 11 സിക്സാണ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ സൂന്‍ഡിയയ്ക്ക് 8 ഓവറില്‍ നിന്ന് 58 റണ്‍സ് മാത്രമേ നേടിയുള്ളു. ബൈനറിയുടെ ശ്രീഹരി മൂന്ന് വിക്കറ്റ് നേടിയാണ് സൂന്‍ഡിയയ്ക്ക് കാര്യങ്ങള്‍ കടുപ്പത്തിലാക്കിയത്.6 വിക്കറ്റാണ് സൂന്‍ഡിയയ്ക്ക് നഷ്ടമായത്. സൂന്‍ഡിയയ്ക്കായി 9 പന്തില്‍ 16 റണ്‍സ് നേടിയ ലിബിന്‍ ഇടിക്കുളയാണ് ടോപ് സ്കോറര്‍.