എ.ഐ.എഫ്.എഫ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു ശേഷം പ്രതികരണവും ആയി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ബെയ്ചുങ് ബൂട്ടിയ. അഖിലേന്ത്യാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ ബൂട്ടിയയെ വലിയ വ്യത്യാസത്തിൽ ആണ് മുൻ ഇന്ത്യൻ ഗോൾ കീപ്പറും ബിജെപി നേതാവും ആയ കല്യാൺ ചോബെ തോൽപ്പിച്ചത്. 34 വോട്ടുകളിൽ 33 എണ്ണവും ചോബെക്ക് ലഭിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ ഉണ്ടായ ഉന്നത രാഷ്ട്രീയ ഇടപെടലുകൾ തന്നെ ഞെട്ടിച്ചു എന്നാണ് ബൂട്ടിയ പറഞ്ഞത്.
ഫുട്‌ബോൾ തിരഞ്ഞെടുപ്പിൽ താൻ സത്യസന്ധത ആണ് പ്രതീക്ഷിച്ചത് എന്നാണ് ഇത്തരം രാഷ്ട്രീയ ഇടപെടൽ തന്നെ ഞെട്ടിച്ചത് ആയി മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂട്ടിച്ചേർത്തു. ജയിക്കും എന്നു ചോബെ അടക്കമുള്ളവർക്ക് അത്ര ആത്മവിശ്വാസം ഉണ്ടായിരുന്നു എങ്കിൽ വോട്ട് ചെയ്യുന്നവർ തങ്ങിയ ഹോട്ടലിൽ വ്യാഴാഴ്ച രാത്രി 9 മണിക്ക് എത്തിയ കേന്ദ്രമന്ത്രി തിരഞ്ഞെടുപ്പ് നടന്ന വെള്ളിയാഴ്ച പുലർച്ചെ 2 മണി വരെ എന്തിനാണ് തങ്ങിയത് എന്നും ബൂട്ടിയ ചോദിച്ചു. വോട്ടർമാരെ എല്ലാം ഒരു ഫ്ലോറിൽ വിളിച്ചു ഈ കേന്ദ്രമന്ത്രി ചർച്ച നടത്തിയത് ആയും ഇന്ത്യൻ ഇതിഹാസം ആരോപിച്ചു.
ബൂട്ടിയ കേന്ദ്രമന്ത്രിയുടെ പേര് പറഞ്ഞില്ലെങ്കിലും താരത്തിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ച രാജസ്ഥാൻ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് മാനവേന്ദ്ര സിംഗ് ഇത് ഇപ്പോഴത്തെ നിയമമന്ത്രിയും മുൻ കായികമന്ത്രിയും ആയ കിരൺ റിജ്‌ജു ആണെന്ന് നേരത്തെ ആരോപിച്ചിരുന്നു. തനിക്ക് വോട്ടർമാരെ ബന്ധപ്പെടാൻ പോലും അവസരം നിഷേധിച്ചത് ആയി പറഞ്ഞ ബൂട്ടിയ ഒരാളെ ഒഴിച്ചു എല്ലാവരും ആയും കേന്ദ്രമന്ത്രി ചർച്ച നടത്തിയത് ആയി പറഞ്ഞു. തനിക്ക് രാജസ്ഥാൻ പ്രതിനിധിയെ പോലും ഫോണിൽ ബന്ധപ്പെടാൻ സാധിക്കില്ലെന്നും ഇന്ത്യൻ ഇതിഹാസം കൂട്ടിച്ചേർത്തു. ഇത്തരം ഉന്നത രാഷ്ട്രീയ ഇടപെടൽ ഇന്ത്യൻ ഫുട്‌ബോളിന് നല്ലത് അല്ല എന്നു പറഞ്ഞ താരം തനിക്ക് ഇതിൽ സങ്കടം ഉണ്ടെന്നും പറഞ്ഞു.
കേന്ദ്രമന്ത്രി റിജ്‌ജു ഹോട്ടലിൽ ഉണ്ടായിരുന്നത് ആയി പുതിയ പ്രസിഡന്റ് ചോബെയും സ്ഥിരീകരിച്ചു. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച അദ്ദേഹം രാജസ്ഥാൻ ഫുട്‌ബോൾ പ്രസിഡന്റ് നടത്തിയ ആരോപങ്ങൾ കള്ളം ആണെന്നും കൂട്ടിച്ചേർത്തു. എ.ഐ.എഫ്.എഫ് എക്സിക്യൂട്ടീവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആറു താരങ്ങളിൽ ഒരാൾ കൂടിയാണ് ബൂട്ടിയ. എന്നാൽ ഇന്ന് നടന്ന മീറ്റിംഗിൽ താരം പങ്കെടുത്തിരുന്നില്ല. ഒന്നോ രണ്ടോ ദിവസം കൊണ്ട് താൻ എക്സിക്യൂട്ടീവിൽ ചേരുമോ ഇല്ലയോ എന്ന കാര്യം വ്യക്തമാക്കും എന്നും ബൂട്ടിയ പറഞ്ഞു. മറ്റൊരു ഇതിഹാസ താരം ഐ.എം വിജയനും ഈ എക്സിക്യൂട്ടീവിൽ ഉണ്ട്.
മുൻ ഇന്ത്യൻ പുരുഷ താരങ്ങൾ ആയ ഷാബിർ അലി, ക്ളൈമാക്‌സ് ലോറൻസ് വനിത താരങ്ങൾ ആയ തോങ്കം തബബി ദേവി, പിങ്കി മാഗർ എന്നിവർ ആണ് ആറംഗ എക്സിക്യൂട്ടീവിലെ മറ്റ് അംഗങ്ങൾ. ഫുട്‌ബോളിൽ നിന്നു വിരമിച്ച ശേഷം 2014 ൽ ലോകസഭ തിരഞ്ഞെടുപ്പിലും 2016 ൽ നിയമസഭ തിരഞ്ഞെടുപ്പിലും തൃണമൂൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ബൂട്ടിയക്കും രാഷ്ട്രീയ ബന്ധങ്ങൾ ഉണ്ട്. രണ്ടു തവണയും പരാജയപ്പെട്ട ബൂട്ടിയ തുടർന്ന് ഹമാരോ സിക്കിം പാർട്ടി എന്ന രാഷ്ട്രീയ പാർട്ടിയും സ്ഥാപിച്ചിരുന്നു. ബൂട്ടിയയുടെ ആരോപണങ്ങൾ ഇന്ത്യൻ ഫുട്‌ബോളിനെ എങ്ങനെ ബാധിക്കും എന്നു കാത്തിരുന്നു തന്നെ അറിയാം.