ഓസ്ട്രേലിയയ്ക്കായി ബാഗി ഗ്രീന്‍ അണിയുവാനുള്ള അവസരം ഇന്ന് വില്‍ പുകോവസ്കിയെ തേടിയെത്തുകയായിരുന്നു. തനിക്ക് ലഭിച്ച അരങ്ങേറ്റ അവസരത്തിനൊപ്പം ഇന്ത്യ നല്‍കിയ ജീവന്‍ ദാനം കൂടിയായപ്പോള്‍ വില്‍ പുകോവസ്കി അരങ്ങേറ്റത്തില്‍ അര്‍ദ്ധ ശതകം നേടുകയായിരുന്നു. ഋഷഭ് പന്ത് രണ്ട് ക്യാച്ചുകള്‍ കൈവിട്ടപ്പോള്‍ താരത്തെ പുറത്താക്കുവാനുള്ള റണ്‍ഔട്ട് അവസരവും ഇന്ത്യ മത്സരത്തില്‍ നഷ്ടപ്പെടുത്തി.
പുകോവസ്കി 62 റണ്‍സ് നേടി വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. ഡേവിഡ് വാര്‍ണര്‍ തനിക്ക് ആദ്യ പന്ത് നേരിടണമോ വേണ്ടയോ എന്ന അവസരം നല്‍കിയെന്നും അത് താന്‍ കുറെ നേരം ആലോചിച്ച ശേഷം സ്വീകരിക്കുകയായിരുന്നുവെന്നും താരം പറഞ്ഞു. അഡിലെയ്ഡില്‍ ആദ്യ ടെസ്റ്റില്‍ അരങ്ങേറ്റത്തിനുള്ള അവസരം താരത്തിന് കൈവരുമെന്ന് കരുതിയെങ്കിലും ഇന്ത്യയ്ക്കെതിരെയുള്ള സന്നാഹമത്സരത്തിലെ കണ്‍കഷന്‍ താരത്തെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് പുറത്തിരുത്തുകയായിരുന്നു.
തന്റെ ക്രിക്കറ്റിംഗ് കരിയറിലെ ഏറ്റവും മികച്ച ദിവസമാണ് ഇന്നെന്നും വില്‍ വ്യക്തമാക്കി. ഓസ്ട്രേലിയയ്ക്ക് വേണ്ടി കളിക്കുക എന്ന് മാത്രമല്ല മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കുവാനും തനിക്കായി എന്നത് ഈ ദിവസത്തെ വളരെ പ്രത്യേകതയുള്ളതാക്കി മാറ്റുന്നുവെന്നും വില്‍ പുകോവസ്കി വെളിപ്പെടുത്തി.