ഛേത്രിക്ക് ഇരട്ട ഗോൾ, പൂനെയെ തച്ചു തകർത്ത് ബെംഗളൂരു

- Advertisement -

പൂനെയിൽ വെച്ച് നടക്കുന്ന പൂനെ സിറ്റിയും ബെംഗളൂരു എഫ് സിയും തമ്മിലുള്ള മത്സരത്തിൽ ബെംഗളൂരുവിന് തകർപ്പൻ വിജയം. ഇന്ന് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബെംഗളൂരു എഫ് സി വിജയിച്ചത്. സുനിൽ ഛേത്രി നേടിയ ഇരട്ട ഗോളുകളാണ് ബെംഗളൂരു എഫ് സി ജയത്തിന് കരുത്തായത്.

ആദ്യ പകുതിയുടെ അവസാന അഞ്ചു മിനുട്ടുകളിൽ ആയിരുന്നു ഛേത്രിയുടെ ഗോളുകൾ. 41ആം മിനുട്ടിൽ ദിമാസ് ദെൽഗാഡോയുടെ ഒരു ലോംഗ് പാസിൽ നിന്ന് ഛേത്രി ബെംഗളൂരുവിനെ മുന്നിൽ എത്തിച്ചു. രണ്ട് മിനുട്ടിനു അകം ഛേത്രി തന്നെ ആ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. മികുവിന്റെ പാസിൽ നിന്നായിരുന്നു ഛേത്രിയുടെ രണ്ടാം ഗോൾ. ഛേത്രിയുടെ പൂനെ സിറ്റിക്കെതിരായ ആറാം ഗോളായിരുന്നു ഇത്. അഞ്ച് മത്സരങ്ങളിൽ നിന്നാണ് പൂനെ സിറ്റിക്ക് എതിരെ ഛേത്രി ആറു ഗോളുകൾ നേടിയത്.

രണ്ടാം പകുതിയിൽ ഡിയേഗോ കാർലോസിനെ കൂടെ പൂനെ സിറ്റി രംഗത്ത് ഇറക്കി എങ്കിലും ഫലമൊന്നും ഉണ്ടായില്ല. 64ആം മിനുട്ടിൽ പൂനെയുടെ എല്ലാ പ്രതീക്ഷയും തകർത്ത് കൊണ്ട് മികു മൂന്നാം ഗോളും നേടി. സെരാന്റെ പാസിൽ നിന്ന് ഒരു ഹാഫ് വോളിയിലൂടെ ആയിരുന്നു മികുവിന്റെ ഗോൾ.

ഇന്നത്തെ ജയത്തോടെ ഏഴു പോയന്റുമായി ബെംഗളൂരു ലീഗിൽ ഒന്നാമത് എത്തി. മൂന്ന് മത്സരങ്ങൾ കഴിഞ്ഞിട്ടും പൂനെ സിറ്റിക്ക് ഒരു പോയന്റ് മാത്രമെ ഉള്ളൂ.

Advertisement