ബെംഗളൂരു എഫ് സി പ്രീസീസൺ ഒരുക്കങ്ങൾക്കായി ഇത്തവണയും സ്പെയിനിലേക്ക് യാത്ര തിരിക്കും. കഴിഞ്ഞ തവണ സ്പാനിഷ് മൂന്നാം ഡിവിഷനിലെ ടീമുകളെ ആണ് നേരിട്ടതെങ്കിൽ ഇത്തവണ ബെംഗളൂരു എഫ് സി ഒരുങ്ങുന്നത് കളർഫുൾ പോരാട്ടങ്ങൾക്കാണ്. ലോക ഫുട്ബോളിലെ കരുത്തരായ ബാഴ്സലോണ വിയ്യറയൽ എന്നീ ടീമുകൾക്ക് എതിരെ ഒക്കെ ആകും ബെംഗളൂരു ഇത്തവണ കളിക്കുക.
ബാഴ്സലോണയുടെയും വിയ്യാറയലിന്റെയും സീനിയർ ടീമല്ല പകരം ഇരു ക്ലബുകളുടെയും ബി ടീമുകളുമായാണ് ബെംഗളൂരു എഫ് സി ഏറ്റുമുട്ടുക. ഓഗസ്റ്റ് ആദ്യ വാരം ആകും ബെംഗളൂരു സ്പെയിനിലേക്ക് യാത്ര ആവുക. എ എഫ് സി കപ്പിൽ കളിക്കാനുണ്ട് എന്നതു കൊണ്ട് ആണ് ബെംഗളൂരു നേരത്തെ തന്നെ പ്രീസീസൺ ടൂർ ആരംഭിക്കുന്നത്.
ബാഴ്സലോണ ബിയുടെ മുൻ പരിശീലകനായിരുന്നു ബെംഗളൂരുവിന്റെ മുൻ കോച്ച് ആൽബർട്ട് റോക. ഇതു വഴി ആകാം ഈ സൗഹൃദ മത്സരങ്ങൾക്കുള്ള ശ്രമങ്ങൾ ഫലത്തിൽ എത്തിയത് എന്ന് കരുതുന്നു. റോക്കയുടെ അസിസ്റ്റന്റായിരുന്ന കാർലോസാണ് ഇപ്പോൾ ബെംഗളൂരു എഫ് സിയുടെ പരിശീലകൻ. നാലു മത്സരങ്ങളാകും ബെംഗളൂരു സ്പെയിനിൽ കളിക്കുക.
ഫിക്സ്ചർ:
ഓഗസ്റ്റ് 3- ബെംഗളൂരു vs അത്ലറ്റിക്കോ സെഗുണ്ടീനോ
ഓഗസ്റ്റ് 6- ബെംഗളൂരു എഫ് സി vs ശബാബ് അൽ അഹ്ലി
ഓഗസ്റ്റ് 11- ബെംഗളൂരു vs വിയ്യാറയൽ ബി
ഓഗസ്റ്റ് 14 – ബെംഗളൂരു vs ബാഴ്സലോണ ബി
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial