ബെംഗളൂരു എഫ് സിക്ക് വൻ തിരിച്ചടി. എ എഫ് സി കപ്പിൽ യോഗ്യത റൗണ്ടിൽ തന്നെ ബെംഗളൂരു എഫ് സി പുറത്ത്. മാൽഡീവ്സ് ക്ലബായ മാസിയ ആണ് ബെംഗളൂരു എഫ് സിയെ ഗ്രൂപ്പ് ഘട്ടം കാണാതെ പുറത്താക്കിയത്. പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിൽ ആയിരുന്നു മാൽഡീവ്സ് ക്ലബിന്റെ വിജയം. ആദ്യ പാദത്തിൽ മാൽഡീവ്സിൽ വെച്ച് ബെംഗളൂരു എഫ് സി ഒന്നിനെതിരെ രണ്ടു ഗോളിന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് ജയം ബെംഗളൂരുവിന് നിർബന്ധമായിരുന്നു.
സ്വന്തം ഗ്രൗണ്ടിൽ നന്നായി കളിച്ചു എങ്കിലും ബെംഗളൂരുവിന് കാര്യങ്ങൾ എളുപ്പമായില്ല. 58ആം മിനുട്ടിൽ ബ്രൗണിലൂടെ ബെംഗളൂരു മുന്നിൽ എത്തിയെങ്കിലും 73ആം മിനുട്ടിൽ സമനില ഗോൾ നേടിക്കൊണ്ട് മാസിയ ബെംഗളൂരുവിനെ വിറപ്പിച്ചു. ഹസൻ ആയിരുന്നു സന്ദർശകർക്ക് വേണ്ടി ഗോൾ നേടിയത്. അപ്പോൾ അഗ്രിഗേറ്റ് സ്കോർ ബെംഗളൂരു 2-3 മാസിയ. പക്ഷെ പിന്നാലെ ചേത്രി രക്ഷകനായി. 78ആം മിനുട്ടിൽ ഛേത്രിയുടെ ഗോൾ വന്നതോടെ ബെംഗളൂരു 2-1ന് മുന്നിൽ എത്തുകയും അഗ്രിഗേറ്റ് സ്കോർ 3-3 എന്ന നിലയിൽ എത്തി. എവേ ഗോളിലും രണ്ട് ടീമുകളും തുല്യം.
മത്സരം എക്സ്ട്രാ ടൈമിലേക്ക് കടന്നപ്പോൾ മാസിയ സ്റ്റെവർട്ടിലൂടെ ഗോൾവല കുലുക്കി. അഗ്രിഗേറ്റിൽ 4-3ന് മുന്നിൽ. പക്ഷെ എക്സ്ട്രാ ടൈമിൽ എവേ ഗോൾ കണക്കിൽ എടുക്കില്ല എന്നത് കൊണ്ട് ഒരു ഗോൾ നേടിയാൽ കളി പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് എത്തിക്കാൻ ബെംഗളൂരുവിന് ആകുമായിരുന്നു. അവസാനം 120ആം മിനുട്ടിൽ ലഭിച്ച ഫ്രീകിക്ക് ലക്ഷ്യത്തിൽ എത്തിച്ച് ഛേത്രി ബെംഗളൂരുവിനെ 3-2ന് മുന്നിലും അഗ്രിഗേറ്റ് സ്കോറിൽ 4-4 എന്ന നിലയിൽ ഒപ്പവും എത്തിച്ചു.
പക്ഷെ പെനാൾട്ടി ഷൂട്ടൗട്ടിൽ ആർക്കും ബെംഗളൂരുവിനെ രക്ഷിക്കാൻ ആയില്ല. മൂന്ന് കിക്കുകൾ ബെംഗളൂരു പാഴാക്കിയപ്പോൾ മാസിയ ഗ്രൂപ്പ് ഘട്ടത്തിലേക്ക് കടന്നു.