ഐ എസ് എല്ലിൽ ബെംഗളൂരു എഫ് സി വീണ്ടും പരാജയപ്പെട്ടിരിക്കുകയാണ്. ഇന്ന് മുംബൈ സിറ്റിയാണ് ബെംഗളൂരു എഫ് സിയെ തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു മുംബൈ സിറ്റിയുടെ വിജയം. ബെംഗളൂരു എഫ് സിക്ക് ഇത് തുടർച്ചയായ മൂന്നാം പരാജയമാണ്. ഐ എസ് എൽ ചരിത്രത്തിൽ ആദ്യമായാണ് ബെംഗളൂരു മൂന്ന് മത്സരങ്ങൾ തുടർച്ചയായി പരാജയപ്പെടുന്നത്. ആദ്യ 15 മിനുട്ടിൽ പിറന്ന രണ്ടു ഗോളുകളാണ് മുംബൈക്ക് ജയം നൽകിയത്.
മത്സരത്തിന്റെ ഒമ്പതാം മിനുട്ടിൽ മൗർട്ടാഡ ഫാൾ ആണ് മുംബൈക്ക് ലീഡ് നൽകിയത്. ഒരു ഹെഡറിൽ നിന്നായിരുന്നു ഫാളിന്റെ ഗോൾ. ഈ ഗോളിന് പിന്നാലെ മുംബൈ സിറ്റി ഇന്ത്യൻ യുവതാരം ബിപിനിലൂടെ രണ്ടാം ഗോളും നേടി. 15ആം മിനുട്ടിൽ മന്ദർ റാവുവിന്റെ ക്രോസിൽ നിന്ന് ഒരു ഗംഭീര ഫിനിഷിലൂടെയാണ് ബിപിൻ തന്റെ ഗോൾ കണ്ടെത്തിയത്.
രണ്ടാം പകുതിയിൽ ഛേത്രിയുടെ പെനാൾട്ടിയിലൂടെ ഒരു ഗോൾ മടക്കാൻ ബെംഗളൂരുവിനായി എങ്കിലും തിരിച്ചുവരാൻ അവർക്കായില്ല. ഒഗ്ബെചെയുടെ വക മുംബൈ സിറ്റി മൂന്നാം ഗോളും മൂന്ന് പോയിന്റും ഉറപ്പിച്ചു. അഹ്മദ് ജഹു ചുവപ്പ് കണ്ടത് മാത്രമാണ് മുംബൈയുടെ ഇന്നത്തെ നിരാശ. ഈ വിജയത്തോടെ മുംബൈ സിറ്റി ലീഗ് തലപ്പത്ത് തിരികെയെത്തി. ബെംഗളൂരു ഇപ്പോൾ അഞ്ചാം സ്ഥാനത്താണ് ഉള്ളത്.