ഇന്ത്യൻ സൂപ്പർ ലീഗിൽ ഒന്നാം സ്ഥാനം ലക്‌ഷ്യം വെച്ച് ഇറങ്ങിയ മുംബൈ സിറ്റിക്ക് ബെംഗളുരുവിന്റെ വക ഷോക്ക്. ഗോൾ മഴ കണ്ട മത്സരത്തിൽ 4-2നാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ കുതിക്കുന്ന മുംബൈ സിറ്റിയെ ബെംഗളൂരു എഫ്.സിയാണ് തറപറ്റിച്ചത്. ജയത്തോടെ ബെംഗളൂരു തങ്ങളുടെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി.
മത്സരം തുടങ്ങി ഒരു മിനുട്ട് തികയുന്നതിന് മുൻപ് തന്നെ ബെംഗളൂരു എഫ്.സി മുംബൈ സിറ്റി ഗോൾ വല കുലുക്കി. ക്‌ളീറ്റൻ സിൽവയാണ് ബെംഗളൂരുവിന് വേണ്ടി ഗോൾ നേടിയത്. തുടർന്ന് മത്സരത്തിന്റെ 22ആം മിനുട്ടിൽ ക്‌ളീറ്റൻ സിൽവയിലൂടെ തന്നെ ബെംഗളൂരു ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ ലെ ഫോണ്ട്രയിലൂടെ മുംബൈ സിറ്റി ഒരു ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചു വന്നെങ്കിലും ബെംഗളൂരു ജേഴ്സിയിൽ 200മത്തെ മത്സരം കളിക്കുന്ന ഛേത്രി ബെംഗളുരുവിന്റെ മൂന്നാമത്തെ ഗോളും നേടി മത്സരം ബെംഗളുരുവിന്റേതാക്കി മാറ്റി.
എന്നാൽ മത്സരം അവസാനിക്കാൻ 18 മിനിറ്റ് ബാക്കി നിൽക്കെ ലെ ഫോണ്ട്രയിലൂടെ മുംബൈ സിറ്റി ഒരു ഗോൾ മടക്കിയതോടെ മത്സരം കൂടുതൽ ആവേശകരമായി. തുടർന്ന് ഇരു ടീമുകളും കനത്ത ആക്രമണം അഴിച്ചുവിട്ടതോടെ മത്സരത്തിൽ ഏതു നിമിഷവും ഗോൾ വീഴുമെന്നായി. തുടർന്ന് മത്സരത്തിന്റെ അവസാന മിനുട്ടിൽ സുനിൽ ഛേത്രി മത്സരത്തിലെ തന്റെ രണ്ടാമത്തെ ഗോളും ബെംഗളൂരു എഫ്.സിയുടെ നാലാമത്തെ ഗോളും നേടിയതോടെ ബെംഗളൂരു എഫ്.സ് വിജയം ഉറപ്പിക്കുകയായിരുന്നു. ഇരു ടീമുകളുടെയും ജോലികളുടെ മികച്ച രക്ഷപെടുത്തലുകളാണ് ഇന്നത്തെ മത്സരത്തിൽ കൂടുതൽ ഗോൾ പിറക്കാതെ പോയത്.