ഐ എസ് എല്ലിൽ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ വിജയം അത്യാവശ്യമായിരുന്ന ബെംഗളൂരു എഫ് സി ഇന്ന് ഒഡീഷക്ക് എതിരെ ഗംഭീര വിജയം നേടി. ഇന്ന് തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ച ബെംഗളൂരു എഫ് സി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ന് എട്ടാം മിനുട്ടിൽ നന്ദകുമാർ ശേഖറിന്റെ ഒരു ഗോളിൽ ആണ് ഒഡീഷ ലീഡ് എടുത്തത്. തുടക്കത്തിൽ അതിന് മറുപടി നൽകാൻ വിഷമിച്ചു എങ്കിലും പതിയെ ബെംഗളൂരു കളിയിലേക്ക് തിരികെ വന്നു.
31ആം മിനുട്ടിൽ റോഷൻ സിങ് എടുത്ത കോർണറിൽ നിന്ന് ഒരു ഹെഡറിലൂടെ ഫാറൂഖ് ബെംഗളൂരുവിന് സമനില നൽകി. ആദ്യ പകുതി സമനിലയിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ ബെംഗളൂരു ഒരു പെനാൾട്ടിയിലൂടെ ലീഡെടുത്തു. 49ആം മിനുട്ടിൽ ഉദാന്ത നേടി തന്ന പെനാൾട്ടി ക്ലൈറ്റൻ സിൽവ വലയിൽ എത്തിക്കുക ആയിരുന്നു.
ഈ വിജയത്തോടെ ബെംഗളൂരു എഫ് സി ലീഗിൽ 26 പോയിന്റുമായി അഞ്ചാമത് എത്തി. 18 മത്സരങ്ങൾ കളിച്ച ബെംഗളൂരുവിന് മറ്റു ടീമുകളെ അപേക്ഷിച്ച് മാത്രമെ പ്ലേ ഓഫിൽ എത്താൻ ആവുകയുള്ളൂ. 18 മത്സരങ്ങളിൽ 22 പോയിന്റ് മാത്രം ഉള്ള ഒഡീഷ ഇനി പ്ലേ ഓഫിൽ എത്തണം എങ്കിൽ അത്ഭുതങ്ങൾ നടക്കേണ്ടി വരും.